കോലിയും രോഹിത്തും ശാസ്ത്രിയും പോലും അക്കാര്യം ചിന്തിച്ചില്ല, ബുദ്ധി ഉപദേശിച്ചത് സഞ്ജു: അന്ന് അയാളിലെ നായകനെ ഞാൻ മനസിലാക്കി

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജനുവരി 2023 (14:34 IST)
2020ൽ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടി20യിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം കൺക്കഷൻ സബ്ബായി യൂസ്‌വേന്ദ്ര ചാഹലിനെ കളിക്കളത്തിലിറക്കിയത് ആരാധകർ മറന്നു കാണില്ല. മത്സരത്തിൽ ജഡേജയുടെ പകരക്കാരനായെത്തിയ ചാഹൽ 4 ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ട് നടത്തിയ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ഏറെ ചർച്ചകൾക്ക് വഴിവെച്ച് ഈ കൺകഷൻ സബ്ബ് തീരുമാനത്തിന് പിന്നിൽ പക്ഷേ ഇന്ത്യയുടെ സീനിയർ താരങ്ങൾ ആരും ആയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ അന്നത്തെ ഫീൽഡിംഗ് കോച്ചായ ആർ ശ്രീധർ.

മലയാളി താരമായ ആയിരുന്നു ആ തീരുമാനത്തിന് പിന്നിലെന്ന് ആർ ശ്രീധർ തൻ്റെ ആത്മകഥയായ കോച്ചിംഗ് ബിയോണ്ട്- മൈ ഡെയ്സ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പുസ്തകത്തിൽ പറയുന്നു. സഞ്ജുവിൻ്റെ ഉള്ളിലുള്ള നായകനെ താൻ തിരിച്ചറിഞ്ഞത് അന്നാണെന്നും ശ്രീധർ പുസ്തകത്തിൽ പറയുന്നു.

മത്സരത്തിൽ 23 പന്തിൽ നിന്നും 44 റൺസുമായി രവീന്ദ്ര ജഡേജ തിളങ്ങിയിരുന്നു. ഞാൻ ഡഗ്ഗൗട്ടിൽ ഇരിക്കുകയായിരുന്നു. ഓസീസ് ബാറ്റ് ചെയ്യാനിരിക്കെ എന്തായിരിക്കണം ഫീൽഡിംഗ് പ്ലാൻ എന്നതായിരുന്നു ചർച്ച. അന്ന് 11 അംഗ ടീമിൽ ഉൾപ്പെടാതിരുന്ന സഞ്ജു സാംസൺ,മായങ്ക് അഗർവാൾ എന്നിവർ എനിക്കൊപ്പമുണ്ട്. ഇതിനിടെ സഞ്ജു പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടില്ലെ നമുക്കെന്ത് കൊണ്ട് കൺകഷൻ സബ്ബിനെ ഇറക്കികൂടാ എന്ന് ചോദിച്ചു. അങ്ങനെ ചെയ്താൽ ജഡ്ഡുവിന് പകരം ഒരു ബൗളരെ കളിപ്പിക്കാൻ പറ്റുമെന്നും സഞ്ജു പറഞ്ഞു.

ആ നിർദേശത്തോടെയാണ് സഞ്ജുവിനുള്ളിലുള്ള നായകനെ ഞാൻ തിരിച്ചറിഞ്ഞത്. സഞ്ജുവിൻ്റെ നിർദേശം ഞാൻ ശാസ്ത്രിയെ അറിയിച്ചു. അത് അദ്ദേഹത്തിനും സ്വീകാര്യമായി. അങ്ങനെയാണ് കൺകഷൻ സബ്ബായി ചഹൽ ടീമിലെത്തുന്നത്. ഇന്ത്യ ഉയർത്തിയ 161 റൺസ് പിന്തുടർന്ന ഓസീസിനെ 150 റൺസിലൊതുക്കാൻ ചഹലിൻ്റെ പ്രകടനം ഇന്ത്യയെ സഹായിച്ചു. തനിക്ക് അവസരം എപ്പോൾ ലഭിക്കുമെന്നല്ല ടീമിനെ പറ്റിയും ഗെയിമിനെ പറ്റിയും ചിന്തിക്കുന്ന താരമാണ് സഞ്ജു. പുസ്തകത്തിൽ ശ്രീധർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :