Sanju Samson: ഇത്തവണ ബിസിസിഐയെ ചീത്ത വിളിക്കണ്ട; സഞ്ജുവിനെ പുറത്ത് നിര്‍ത്തിയത് ഇക്കാരണത്താല്‍

കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അസാന്നിധ്യത്തില്‍ ടീമില്‍ ഉറപ്പായും ഇത്തവണ സ്ഥാനം പിടിക്കേണ്ട താരം സഞ്ജുവായിരുന്നു

രേണുക വേണു| Last Modified ശനി, 14 ജനുവരി 2023 (10:44 IST)

Sanju Samson: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വീണ്ടും സഞ്ജു സാംസണ്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. രണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും മലയാളി താരമായ സഞ്ജു ഇടംപിടിച്ചിട്ടില്ല. സഞ്ജുവിനെ ബിസിസിഐ അവഗണിക്കുകയാണെന്ന വിമര്‍ശനം നേരത്തെ തന്നെ ശക്തമായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമീപകാലത്ത് പല പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞത് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെയാണ്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല !

ന്യൂസിലന്‍ഡിനെതിരായ ടി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതില്‍ ഇത്തവണ ബിസിസിഐയെ ചീത്ത വിളിച്ചിട്ട് കാര്യമില്ല. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അസാന്നിധ്യത്തില്‍ ടീമില്‍ ഉറപ്പായും ഇത്തവണ സ്ഥാനം പിടിക്കേണ്ട താരം സഞ്ജുവായിരുന്നു. ഏകദിനത്തിലും ടി 20യിലും സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ പരുക്കാണ് സഞ്ജുവിന് ഇത്തവണ തിരിച്ചടിയായത്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. ഫീല്‍ഡിങ്ങിനിടെ സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. പരുക്കില്‍ നിന്ന് മുക്തനാകാന്‍ സഞ്ജുവിന് ഇനിയും സമയം ആവശ്യമാണ്. ഈ കാരണം കൊണ്ട് മാത്രമാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി 20 പരമ്പരയില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :