അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ജനുവരി 2024 (18:58 IST)
രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ഇരട്ടസെഞ്ചുറിയുമായി തിളങ്ങി സൗരാഷ്ട്ര താരം ചേതേശ്വര്‍ പുജാര. തന്റെ ക്രിക്കറ്റ് കരിയറിലെ പതിനേഴാമത് ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം ദിനം 157 റണ്‍സില്‍ പുറത്താകാതെ നിന്നിരുന്ന പുജാര സൗരാഷ്ട്ര ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 356 പന്തില്‍ 243* റണ്‍സാണ് നേടിയത്. ഇതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ 578 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കാന്‍ സൗരാഷ്ട്രയ്ക്കായി.
ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെയാണ് പുജാര ഇന്ത്യയുറ്റെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായത്. രഞ്ജി ട്രോഫിയിലെ താരത്തിന്റെ എട്ടാമത്തെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പതിനേഴാമത്തെയും ഇരട്ടസെഞ്ചുറിയാണിത്. 3 ക്രിക്കറ്റ് താരങ്ങള്‍ മാത്രമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇരട്ടസെഞ്ചുറികളുടെ കണക്കില്‍ പുജാരയ്ക്ക് മുന്നിലുള്ളത്. 37 ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 36 ഇരട്ടസെഞ്ചുറികള്‍ നേടിയ വാലി ഹെയ്മണ്ട്‌സ്, 22 ഇരട്ടസെഞ്ചുറികളുള്ള പാറ്റ്‌സി ഹെന്‍ഡ്രന്‍ എന്നിവരാണ് 35കാരനായ താരത്തിന് മുന്നിലുള്ളത്.