ലോകകപ്പില്‍ ഇറക്കാത്തത് ഭാഗ്യം ! പ്രസിദ് കൃഷ്ണയെ ട്രോളി സോഷ്യല്‍ മീഡിയ

പ്രസിദ് കൃഷ്ണയുടെ ക്രിക്കറ്റ് ഭാവി ഇതോടെ തീരുമാനമായെന്നാണ് ആരാധകര്‍ പറയുന്നത്

രേണുക വേണു| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (09:41 IST)

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍ പ്രസിദ് കൃഷ്ണയെ ട്രോളി സോഷ്യല്‍ മീഡിയ. നാല് ഓവറില്‍ 68 റണ്‍സാണ് പ്രസിദ് കൃഷ്ണ വഴങ്ങിയത്. 17 ആണ് പ്രസിദ് കൃഷ്ണയുടെ ഇക്കോണമി. മറ്റാര്‍ക്കും 12 ല്‍ കൂടുതല്‍ ഇക്കോണമിയില്ല. മാത്രമല്ല ഒരു വിക്കറ്റ് പോലും വീഴ്ത്താനും പ്രസിദ് കൃഷ്ണയ്ക്ക് സാധിച്ചില്ല.

പ്രസിദ് കൃഷ്ണയുടെ ക്രിക്കറ്റ് ഭാവി ഇതോടെ തീരുമാനമായെന്നാണ് ആരാധകര്‍ പറയുന്നത്. ഈ പരമ്പര കഴിഞ്ഞാല്‍ പ്രസിദിന് ഇനി ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാന്‍ സാധ്യത കുറവാണെന്നും ആരാധകര്‍ പറയുന്നു. ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായപ്പോള്‍ പകരം പ്രസിദ് കൃഷ്ണയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ ബിസിസിഐ തീരുമാനത്തേയും ആരാധകര്‍ ട്രോളി. എന്ത് കണ്ടിട്ടാണ് പ്രസിദ് കൃഷ്ണയെ ലോകകപ്പില്‍ ടീമില്‍ വരെ ഉള്‍പ്പെടുത്തിയതെന്ന് ആരാധകര്‍ ചോദിക്കുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യ തോറ്റതില്‍ പ്രധാന കാരണം പ്രസിദ് കൃഷ്ണയാണ്. അവസാന ഓവര്‍ എറിയാന്‍ പ്രസിദ് കൃഷ്ണ എത്തുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് ബോളില്‍ 21 റണ്‍സാണ്. നാല് ഫോറും ഒരു സിക്‌സും ഒരു സിംഗിളും അടക്കം ഈ ഓവറില്‍ ഓസീസ് അടിച്ചു കൂട്ടിയത് 23 റണ്‍സ് ! 21 റണ്‍സ് അവസാന ഓവറില്‍ പ്രതിരോധിക്കാന്‍ അറിയില്ലെങ്കില്‍ പ്രസിദ് കൃഷ്ണയെ ഇനിയും പിന്തുണയ്ക്കുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :