ശാന്തരാകു, ഇന്ത്യ അടുത്തുതന്നെ ലോകകപ്പ് നേടും: രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (17:30 IST)
ഏകദിന ഫോര്‍മാറ്റില്‍ ലോകകിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാക്കിയ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. ടൂര്‍ണമെന്റില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഫൈനല്‍ മത്സരത്തില്‍ വരുത്തിയ പിഴവുകള്‍ ഇന്ത്യയ്ക്ക് വലിയ തോല്‍വിയാണ് ഫൈനല്‍ മത്സരത്തില്‍ നല്‍കിയത്. ഏകദിന ലോകകപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യ അടുത്തുതന്നെ ഒരു ലോകകിരീടം സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്നാണ് രവിശാസ്ത്രി പറയുന്നത്. ക്രിക്കറ്റില്‍ ഒന്നും എളുപ്പമല്ല. മഹാനായ സച്ചിന് പോലും ആറ് ലോകകപ്പുകള്‍ വേണ്ടി വന്നു ഒരു ലോകകിരീടം സ്വന്തമാക്കുവാന്‍. ഒരു ലോകകപ്പ് വിജയിക്കാന്‍ നിര്‍ണായകമായ ദിവസങ്ങളിലും മികച്ചുനില്‍ക്കേണ്ടതുണ്ട്. ഫൈനലിലെ തോല്‍വി ഹൃദയഭേദകമായിരുന്നു. എന്നാല്‍ അതില്‍ നിന്നും പഠിച്ചുകൊണ്ട് ടീം മുന്നോട്ട് പോകും. ഇന്ത്യ വളരെ വേഗം തന്നെ ഒരു ലോകകപ്പ് നേടുന്നത് ഞാന്‍ കാണുന്നുണ്ട്. അത് ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കില്ല. എന്തെന്നാല്‍ അവിടെ ടീമിനെ തന്നെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. അതിലായിരിക്കണം ഇന്ത്യ ശ്രദ്ധ വെയ്‌ക്കേണ്ടത്. ശാസ്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :