222 എടുത്തിട്ടും തിരിച്ചടിച്ചു; നാണംകെട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍, വീണ്ടും മാക്‌സ്വെല്‍ മാജിക്ക്

മാക്‌സ്വെല്‍ 48 പന്തില്‍ എട്ട് ഫോറും എട്ട് സിക്‌സും സഹിതം 104 റണ്‍സുമായി പുറത്താകാതെ നിന്നു

രേണുക വേണു| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (09:28 IST)

ഇന്ത്യന്‍ പിച്ചുകളോടുള്ള ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രണയം തുടരുന്നു ! ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മറുപടിയായി അതിനേക്കാള്‍ കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് മാക്‌സ്വെല്‍ ഒരുക്കിയത്. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന മാക്‌സ്വെല്‍ ആണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുന്നു.

മാക്‌സ്വെല്‍ 48 പന്തില്‍ എട്ട് ഫോറും എട്ട് സിക്‌സും സഹിതം 104 റണ്‍സുമായി പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 18 പന്തില്‍ 35 റണ്‍സ് നേടി. നായകന്‍ മാത്യു വെയ്ഡ് 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന് മാക്‌സ്വെല്ലിന് മികച്ച പിന്തുണ നല്‍കി. പ്രസിത് കൃഷ്ണ നാല് ഓവറില്‍ 68 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനും സാധിച്ചില്ല. രവി ബിഷ്‌ണോയ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 22 റണ്‍സ് നേടിയത്. ഗെയ്ക്വാദ് 57 പന്തില്‍ 13 ഫോറും ഏഴ് സിക്‌സും സഹിതം 123 റണ്‍സ് നേടി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 39 റണ്‍സും തിലക് വര്‍മ പുറത്താകാതെ 31 റണ്‍സും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :