ഐപിഎൽ ലേലം: പാറ്റ് കമ്മിൻസ് ഇക്കുറി കളിക്കില്ല, കൊൽക്കത്തയ്ക്ക് വലിയ നഷ്ടം

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (14:11 IST)
പതിനാറാം സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടി. ഓസീസ് ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകനായ പേസർ പാറ്റ് കമ്മിൻസ് ഐപിഎല്ലിൻ്റെ അടുത്ത സീസണിൽ നിന്നും പിന്മാറി. തിരക്കേറിയ രാജ്യാന്തര ഷെഡ്യൂൾ ചൂണ്ടികാട്ടിയാണ് കമ്മിൻസിൻ്റെ പിന്മാറ്റം.

അടുത്ത 12 മാസത്തെ രാജ്യാന്തര മത്സര ഷെഡ്യൂള്‍ തിരക്കേറിയതാണെന്നും അതുകൊണ്ട് ലോകകപ്പിനും ആഷസിനും മുമ്പ് വിശ്രമം എടുക്കുന്നതിനായി ഐപിഎല്ലിൽ നിന്നും പിന്മാറുന്നുവെന്നും കമ്മിൻസ് ട്വിറ്ററിൽ വ്യക്തമാക്കി. വൈകാതെ തന്നെ ടീമിനും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം ഒത്തുചേരാനാകുമെന്നുമാണ് പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറായ സാം ബില്ലിങ്സും കൊൽക്കത്തയിൽ നിന്നും പിന്മാറിയിരുന്നു. 2020ലെ ഐപിഎൽ ലേലത്തിൽ 15.5 കോടി മുടക്കിയാണ് കമ്മിൻസിനെ കൊൽക്കത്ത ടീമിലെടുത്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :