ശ്രീലങ്ക- പാക് എകദിന പരമ്പരയില്‍ കാണികള്‍ക്ക് സമ്പൂര്‍ണ മദ്യ നിരോധനം

കൊളംബോ| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (17:01 IST)
പാകിസ്‌ഥാനും ശ്രീലങ്കയും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ഇനി കാണികള്‍ മദ്യപിക്കാന്‍ പാടില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍. അഞ്ചു മത്സരങ്ങള്‍ വരുന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചതിനു പിന്നാലെ കാണികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കാണികള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് മൂന്നാമത്തെ മത്സരം അര മണിക്കൂര്‍ നിര്‍ത്തി വെച്ച സാഹചര്യത്തിലാണ്‌ കളിക്ക്‌ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ചത്‌.

പ്രേമദാസ സ്‌റ്റേഡിയത്തിലാണ് അന്ന് ബഹളം ഉണ്ടായത്. പരമ്പരയില്‍ പാകിസ്‌താന്‍ മുന്നില്‍ നില്‍ക്കേ നാലാമത്തെ മത്സരവും പ്രേമദാസ സ്‌റ്റേഡിയത്തിലാണ്‌ നടക്കുന്നത്‌. മദ്യം, ഗ്‌ളാസ്സ്‌ ബോട്ടിലുകള്‍, കൂര്‍ത്ത വസ്‌തുക്കള്‍, ലൈറ്ററുകള്‍, തീപ്പെട്ടി, സ്‌ഫോടക വസ്‌തുക്കള്‍ എന്നിവയ്‌ക്കൊപ്പം കാണികളുടെ കൂക്കുവിളിക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അസഹനീയമാകുന്ന രീതിയില്‍ ഏതെങ്കിലും കാണി പെരുമാറിയാല്‍ അവരെ സ്‌റ്റേഡിയത്തില്‍ നിന്നും കര്‍ശനമായി പുറത്താക്കുമെന്ന്‌ മത്സരത്തിന്‌ മുമ്പായി ശ്രീലങ്കന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

പരമ്പരയില്‍ അതിഥികളായ പാകിസ്‌താന്‍ 2-1 ന്‌ മുന്നില്‍ നില്‍ക്കുകയാണ്‌. നേരത്തേ ഇവര്‍ തമ്മില്‍ നടന്ന മൂന്നാം ഏകദിനത്തില്‍
കാണികള്‍ അക്രമാസക്‌തരായിരുന്നു. ഫ്‌ളഡ്‌ലിറ്റിന്‌ കീഴില്‍ നടന്ന മത്സരത്തില്‍ കാണികള്‍ വെള്ളക്കുപ്പിയും കല്ലും മറ്റു വസ്‌തുക്കളും എറിഞ്ഞത്‌ വിവാദമായിരുന്നു. കളത്തിനുള്ളിലേക്കുള്ള ഏറില്‍ കളിക്കാര്‍ക്ക്‌ പരിക്കേറ്റില്ലെങ്കിലും നാലു പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.
കളിക്കാരുടെ സുരക്ഷയെ ഉദ്ദേശിച്ച്‌ പ്രേമദാസ സ്‌റ്റേഡിയത്തിലെ രണ്ടു ബ്‌ളോക്കുകള്‍ ഒഴിപ്പിക്കുകയും ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :