നയതന്ത്ര നയങ്ങളില്‍ മോഡി വന്‍ പരാജയം: കപില്‍ സിബല്‍

   കപില്‍ സിബല്‍ , നരേന്ദ്ര മോഡി , പാകിസ്ഥാന്‍ , ഇന്ത്യ , ബിജെപി സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 21 ജൂലൈ 2015 (09:07 IST)
പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പതിവായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുബോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ചൈനയും വര്‍ദ്ധിപ്പിച്ചു. അയല്‍രാജ്യങ്ങളുമായുള്ള നയങ്ങളില്‍ മോഡിക്കും ബിജെപി സര്‍ക്കാരിനും ആശയക്കുഴപ്പം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയുടെ നയനന്ത്രനയങ്ങള്‍ സങ്കീര്‍ണമായി. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. നയതന്ത്രനയങ്ങളില്‍ ഇത് ഇന്ത്യയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാകിസ്ഥാനില്‍ ജൂലൈയില്‍ മാത്രം 12 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടിട്ടും മോഡി മൗനം പാലിക്കുകയാണെന്നും
കപില്‍ സിബല്‍ പറഞ്ഞു.


അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന് വാഗ്ദാനം നല്‍കിയവര്‍ തന്നെ അഴിമതിക്കാരായി തീര്‍ന്നിരിക്കുന്നു. വ്യാപാര ബന്ധങ്ങളില്‍ ചില രാജ്യങ്ങളെ മാത്രം ആശ്രയിച്ച മോഡി ആഫ്രിക്കയെയും പടിഞ്ഞാറന്‍ ഏഷ്യയെയും പൂര്‍ണമായും അവഗണിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, വിവാദങ്ങള്‍ കത്തിനില്‍ക്കെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ലളിത് മോഡി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. സഭ നടപടികള്‍ സൂഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വ്വകക്ഷി യോഗം സമവായമാകാതെ പിരിഞ്ഞതിനാല്‍ വര്‍ഷകാല സമ്മേളനം ചൂടുപിടിക്കുമെന്ന് ഉറപ്പായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :