രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ബോൾട്ടും വിരമിക്കുന്നു? ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ വിട്ടു

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (12:42 IST)
ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായുള്ള കരാറിൽ നിന്നും പിന്മാറി പേസർ ട്രെൻ്റ് ബോൾട്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുമാണ് ബോൾട്ടിൻ്റെ ശ്രമം. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായി നിരവധി ചർച്ചകൾക്ക് ശേഷമാണ് 33 കാരനായ ബോൾട്ടിൻ്റെ അഭ്യർഥന ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചത്.

ആത്യന്തികമായി ഈ തീരുമാനം കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതിൻ്റെ ഭാഗമാണ്. എനിക്ക് ഇപ്പോഴും എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹമുണ്ട്.അന്താരാഷ്ട്ര തലത്തില്‍ ഡെലിവര്‍ ചെയ്യാനുള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നു. എന്നിരുന്നാലും, ഒരു ദേശീയ കരാര്‍ ഇല്ലാത്തത് തിരഞ്ഞെടുക്കാനുള്ള എൻ്റെ സാധ്യതകളെ ബാധിക്കുമെന്ന വസ്തുഠയെ ഞാൻ മാനിക്കുന്നു.

ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ പരിമിതമായ കരിയർ മാത്രമെയുള്ളു എന്ന് എനിക്കറിയാം. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമാണ്. ബോൾട്ട് പറഞ്ഞു. ബോർഡുമായുള്ള കേന്ദ്രീകൃത കറാറിൽ നിന്നും ബോൾട്ട് പിന്മാറിയതായും എങ്കിലും ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ താരത്തിനാകുമെന്നും നേരത്തെ നിശ്ചയിച്ചിരുന്ന വിൻഡീസ് പര്യടനത്തിൽ ബോൾട്ട് കിവീസിനായി കളിക്കുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ന്യൂസിലൻഡിനായി 78 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 317 വിക്കറ്റുകളാണ് ബോൾട്ട് സ്വന്തമാക്കിയത്. 10 തവണ അഞ്ച് വിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയിട്ടുണ്ട്. 93 ഏകദിനമത്സരങ്ങളിൽ നിന്നും 169 വിക്കറ്റും 44 ടി20 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :