മറ്റാരും ഒന്നും പറഞ്ഞില്ല, ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ ധോനി മാത്രമാണ് സന്ദേശമയച്ചത്: തുറന്ന് പറഞ്ഞ് വിരാട് കോലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:22 IST)
മഹേന്ദ്രസിങ് ധോനിയുമായുള്ള തൻ്റെ വ്യക്തിപരമായ അടുപ്പം തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. താൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചപ്പോൾ ഒപ്പം കളിച്ചവരിൽ മഹേന്ദ്രസിങ് ധോനി മാത്രമാണ് തനിക്ക് മെസേജ് അയച്ചതെന്നും കോലി പറയുന്നു.തങ്ങൾക്കിടയിൽ എക്കാലത്തും പരസ്പര ബഹുമാനം ഉണ്ടെന്നും കോലി പറഞ്ഞു.

ഈ വർഷം ജനുവരിയിലായിരുന്നു കോലി ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനം ഉപേക്ഷിച്ചത്. ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയം നേടിതന്ന നായകനാണ് വിരാട് കോലി. എം എസ് ധോനിയിൽ നിന്നാണ് ടെസ്റ്റ് ക്യാപ്റ്റൻസി കോലി ഏറ്റെടുത്തത്. ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി ഉപേക്ഷിച്ചപ്പോൾ ഒപ്പം കളിച്ചവരിൽ ധോനി മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. എൻ്റെ നമ്പർ പലരുടെയും കയ്യിലുണ്ടായിരുന്നു. എന്നാൽ ആരും ഒരു സന്ദേശമയച്ചില്ല.

എനിക്ക് ധോനിയിൽ നിന്നും ഒന്നും വേണ്ട എന്നിൽ നിന്നും ധോനിക്കും ഒന്നും ആവശ്യമില്ല രണ്ട് പേര്‍ക്കും പരസ്‌പരം അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. എനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ടീമിനായി കഠിനപ്രയത്‌നം നടത്തുകയാണ് എൻ്റെ ജോലി അത് ഞാൻ തുടരും കോലി പറഞ്ഞു.

ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോറിലെ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളിൽ നിന്നും വിട്ട് നിൽക്കുകയാണ് കോലി. ഏഷ്യാകപ്പിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. കളിക്കളത്തിലെ ആത്മവിശ്വാസം വീണ്ടെടുത്ത ശേഷമാണ് ഇന്നലെ കോലി മാധ്യമങ്ങളെ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :