ബംഗ്ലാദേശിനെ അടിച്ചൊതുക്കി കോൺ‌വെയും ലാഥവും, രണ്ടാം ടെസ്റ്റിൽ സമ്പൂർണ്ണ ആധിപത്യവുമായി കിവികൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജനുവരി 2022 (17:19 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ന്യൂസിലൻഡിന് മേൽക്കൈ. ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 521നെതിരെ ബംഗ്ലാദേശിന്റെ മറുപടി ഇന്നിങ്‌സ് വെറും 126 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടാണ് ബംഗ്ലാദേശിനെ തകർത്തത്. കിവീസ് ഇപ്പോള്‍ 395 റണ്‍സ് മുന്നിലാണ്.

മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി തിളങ്ങിയ ടോം ലാഥവും സെഞ്ചുറി പ്രകടനം നടത്തിയ ഡെവോൺ കോൺവെയുമാണ് കിവികളെ ശക്തമായ നിലയിലെത്തിച്ചത്. ടോം ലാഥം 252ഉം കോൺവെ 109 റൺസുമെടുത്ത് പുറത്തായി.

അതേസമയം ബംഗ്ലദേശ് നിരയിൽ യാസിര്‍ അലി (55), നൂറുല്‍ ഹസന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.ബോള്‍ട്ടിന് പുറമെ ടിം സൗത്തി മൂന്നും കെയ്ല്‍ ജെയ്മിസണ്‍ രണ്ടും വിക്കറ്റ് നേടി.ബംഗ്ലാദേശ് ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും കിവീസ് ഇതിഹാസം റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് മത്സരം എന്ന നിലയിൽ ടെയ്‌ലർക്ക് ബാറ്റിങിന് അവസരം ഒരുക്കാൻ കിവികൾ തയ്യാറായേക്കുമെന്നാണ് കരുതുന്നത്. 28 റൺസാണ് താരം ആദ്യ ഇന്നിങ്സിൽ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :