കോലിയ്ക്ക് പകരം ഹനുമ വിഹാരി, സിറാജിന് പകരം ഇഷാന്ത്? മൂന്നാം ടെസ്റ്റിന് ഇന്ത്യ നാളെയിറങ്ങുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജനുവരി 2022 (16:25 IST)

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നാളെ കേപ്‌ടൗണിൽ നടക്കാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവനിൽ ആരെല്ലാം ഉൾപ്പെടുമെന്ന് ആകാംക്ഷയിലാണ് ആരാധകർ. രണ്ടാം ടെസ്റ്റിൽ നായകൻ വിരാട് കോലിയുടെ അഭാവത്തിൽ കെഎൽ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. എന്നാൽ മത്സര‌ത്തിൽ ദയനീയമായി പരാജയപ്പെട്ടതോടെ വലിയ വിമർശനമാണ് രാഹുലിന്റെ നായകത്വത്തെ പറ്റി ഉയർന്നത്.

മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരം വിജയിച്ച് ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്നാം ടെസ്റ്റിൽ കോലി തിരിച്ചെത്തുന്നതോടെ ഹനുമാ വിഹാരിയ്ക്ക് ടീമിൽ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.

പുജാരയും രഹാനെയും മൂന്നാം ടെസ്റ്റിലും ടീമിൽ ഇടം നേടിയേക്കും. അതേസമയം മോശം ഫോമിലുള്ള റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹ കളിക്കുമോ എന്നതും സംശയമുണ്ട്. പേസ് നിരയിൽ പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരിൽ ആർക്കെങ്കിലും അവസരം ലഭിക്കും. ഇഷാന്തിനാണ് സാധ്യത കൂടുതൽ. ടീമിൽ മറ്റ് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :