രേണുക വേണു|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (12:10 IST)
Pakistan Bowler Naseem Shah: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങിയെങ്കിലും പാക്കിസ്ഥാന്റെ പോരാട്ടവീര്യം ക്രിക്കറ്റ് പ്രേമികളെ ഏറെ ആവേശത്തിലാക്കുന്നതായിരുന്നു. താരതമ്യേന ദുര്‍ബലമായ 148 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മാത്രമാണ് ലക്ഷ്യം കണ്ടത്. അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ വിറപ്പിക്കുകയായിരുന്നു പാക്കിസ്ഥാന്‍ ബൗളര്‍മാര്‍. അതില്‍ 19 കാരന്‍ നസീം ഷായുടെ പ്രകടനം എടുത്തുപറയണം. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകളാണ് നസീം സ്വന്തമാക്കിയത്.
നസീം ഷായുടെ പന്ത് കളിക്കാന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍ എന്നിവരെല്ലാം പാടുപെട്ടു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 18-ാം ഓവര്‍ നസീം ഷായാണ് എറിഞ്ഞത്. അത് നസീമിന്റെ അവസാന ഓവറായിരുന്നു. ശക്തമായ പേശീവേദനയെ കടിച്ചമര്‍ത്തിയാണ് ആ ഓവര്‍ നസീം എറിഞ്ഞു തീര്‍ത്തത്. 18-ാം ഓവര്‍ എറിഞ്ഞുതീര്‍ത്ത ശേഷം നസീം മൈതാനം വിട്ടു. കരഞ്ഞുകൊണ്ടാണ് നസീം ഷാ ഡ്രസിങ് റൂമിലേക്ക് പോയത്. തന്റെ ടീം തോല്‍വിയിലേക്ക് നീങ്ങുകയാണെന്നത് ആ 19 കാരനെ അത്രമാത്രം തളര്‍ത്തിയിരുന്നു.
പരുക്കിനെ തുടര്‍ന്നുള്ള വേദനയും ടീം തോല്‍വിയിലേക്ക് നീങ്ങുന്നതുമാണ് നസീം കരയാന്‍ കാരണം. ഡ്രസിങ് റൂമിലേക്ക് നീങ്ങുന്നതിനിടെ ടീം അംഗങ്ങളില്‍ ഒരാള്‍ നസീമിന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നുണ്ട്. എന്നാല്‍ വെള്ളം പോലും നിഷേധിച്ചാണ് നസീം ഡ്രസിങ് റൂമിലേക്ക് കയറിപ്പോയത്.