അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (13:35 IST)
പാകിസ്ഥാനെതിരായ ആവേശകരമായ വിജയത്തോടെ ഏഷ്യാക്കപ്പിന് തുടക്കമിട്ട് ഇന്ത്യ. ചിരവൈരികൾക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.5 ഓവറിൽ 147 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.4 അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.
മത്സരത്തിൽ നിർണായകമായ 3 വിക്കറ്റ് നേടുന്നതിനൊപ്പം 17 പന്തിൽ നിന്നും 33 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ പ്രധാനമായത്. മത്സരത്തിൽ നാലാമനായി ഇറങ്ങിയ രവീന്ദ്ര
ജഡേജ 29 പന്തിൽ 35 റൺസുമായി ഹാർദ്ദിക്കിന് മികച്ച പിന്തുണ നൽകിയിരുന്നു. മത്സരശേഷമാണ് ജഡേജയ്ക്കെതിരായ വിമർശനങ്ങൾ സ്ഥിരമായി നടത്താറുള്ള സഞ്ജയ് മഞ്ജരേക്കറുമായി രസകരമായ നിമിഷങ്ങളുണ്ടായത്.
മത്സരശേഷം ജഡേജയെ ഇൻ്റർവ്യൂ ചെയ്യുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ. ജഡേജയോടുള്ളമഞ്ജരേക്കറുടെ ചോദ്യം ഏറെ വൈറലായി. ''നിങ്ങള്‍ക്ക് എന്നോട് സംസാരിക്കുന്നതില്‍ ഓക്കേ അല്ലേ, ജഡ്ഡു? ഇതായിരുന്നു മഞ്ജരേക്കറുടെ ആദ്യ ചോദ്യം. അതേ തീർച്ചയായും എന്നായിരുന്നു ജഡേജയുടെ മറുപടി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
2019 ഏകദിന ലോകകപ്പിനിടെ ജഡേജയെ ബിറ്റ്സ് ആൻഡ് പീസസ് ക്രിക്കറ്റർ എന്നായിരുന്നു മഞ്ജരേക്കർ വിമർശിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ മറുപടിയായി ജഡേജ രംഗത്ത് വന്നിരുന്നു. പിന്നീട് ജഡേജ മികച്ച പ്രകടനങ്ങൾ തുടർന്നപ്പോൾ മഞ്ജരേക്കർക്ക് തൻ്റെ വാക്ക് വിഴുങ്ങേണ്ടി വന്നിരുന്നു.