Mumbai Indians: അങ്ങനെ സംഭവിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത് !

രേണുക വേണു| Last Modified ശനി, 20 മെയ് 2023 (10:55 IST)

Mumbai Indians: നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനക്കാരാണ് മുംബൈ ഇന്ത്യന്‍സ്. 13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയാണ് മുംബൈയുടെ അവസാന മത്സരം. ഈ മത്സരത്തില്‍ തോറ്റാല്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. അതേസമയം ഈ മത്സരത്തില്‍ ജയിച്ചാലും പ്ലേ ഓഫില്‍ എത്തണമെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് മറ്റ് ചില കടമ്പകള്‍ കൂടിയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ജയിക്കുകയും അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്താല്‍ മുംബൈ ഇന്ത്യന്‍സിന് ഉറപ്പായും പ്ലേ ഓഫില്‍ എത്താന്‍ സാധിക്കും.

തങ്ങളുടെ അവസാന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ തോല്‍ക്കുകയും അവസാന മത്സരത്തില്‍ ഹൈദരബാദിനോട് മുംബൈ ജയിക്കുകയും ചെയ്താല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായി രോഹിത്തും സംഘവും പ്ലേ ഓഫില്‍ എത്തും.

അവസാന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തോല്‍ക്കുകയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ജയിക്കുകയും ചെയ്താല്‍ രണ്ടും മൂന്നും സ്ഥാനക്കാരായി ബാംഗ്ലൂരും മുംബൈയും പ്ലേ ഓഫില്‍ എത്തും.

ഇങ്ങനെ സംഭവിച്ചാല്‍ ജയിച്ചിട്ടും മുംബൈക്ക് കാര്യമില്ല ! പ്ലേ ഓഫ് കാണാതെ പുറത്താകും

അവസാന മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ ജയിക്കുകയാണെങ്കില്‍ ഹൈദരബാദിനെതിരായ മത്സരം ജയിച്ചാല്‍ പോലും മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കയറാന്‍ പറ്റില്ല. കാരണം ബാംഗ്ലൂരിനേക്കാള്‍ നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലാണ് മുംബൈ. ഇന്നത്തെ കളി ജയിച്ചാല്‍ ചെന്നൈയും ലഖ്‌നൗവും രണ്ടും മൂന്നും സ്ഥാനം ഉറപ്പിക്കും. നാളെ നടക്കുന്ന മത്സരങ്ങളില്‍ ബാംഗ്ലൂരും മുംബൈയും ജയിച്ചാല്‍ ഇരുവര്‍ക്കും 16 പോയിന്റാകും. ഇതില്‍ നെറ്റ് റണ്‍റേറ്റ് കൂടുതലുള്ള ടീമായിരിക്കും പക്ഷേ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറുക. നിലവിലെ സാഹചര്യത്തില്‍ മുംബൈയേക്കാള്‍ ബഹുദൂരം മുന്നിലാണ് ബാംഗ്ലൂര്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :