മതത്തിന്റെ പേരിൽ ദ്രോഹിച്ചു,അഫ്രീദി നുണയനും വ്യക്തിത്വമില്ലാത്തവനുമെന്ന് പാക് മുൻ താരം

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (16:09 IST)
മതത്തിന്റെ പേരിൽ മാത്രം മു‌ൻ നായകൻ ഷാഹിദ് അഫ്രീ‌ദി തന്നെ മനപ്പൂർവം ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തി പാക് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്ഥാൻ ടീമിൽ കളിച്ചിരുന്ന കാല‌ത്ത് ടീമിലെ ഏക ഹിന്ദുമതവിശ്വാസി‌യായതിനാൽ മതത്തിന്റെ പേരിൽ അഫ്രീദി തന്നെ ദ്രോഹിച്ചിരുന്നുവെന്നാണ് കനേരിയയുടെ വെളിപ്പെടുത്തൽ.

വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ കനേരിയ അഫ്രീദിയെ ‘നുണയനെ’ന്നും ‘വ്യക്തിത്വമില്ലാത്തവനെ’ന്നുമാണ് കനേരിയ വിശേഷിപ്പിച്ചത്.പാക് ടീമിൽ ഞാൻ നേരിട്ട വിവേചനത്തെ പറ്റി ആദ്യം തുറന്ന് പറയുന്നത് ടീമംഗമായ ശുഐ‌ബ് അക്തറാണ്. അതിൽ അക്തറിനോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ അധികൃതരിൽനിന്നും സഹതാരങ്ങളിൽനിന്നും കടുത്ത സമ്മർദ്ദം നേരിട്ടതോടെ അക്തറും പിന്നീട് എനിക്കു വേണ്ടി സംസാരിക്കാതെയായി. കനേരിയ പറഞ്ഞു.

എന്നെ എപ്പോഴും താഴ്ത്തിക്കെട്ടാൻ വ്യഗ്രത കാട്ടിയ വ്യക്തിയായിരുന്നു അഫ്രീദി. എന്നെ കളത്തിലിറക്കാൻ അദേഹത്തിന് താത്‌പര്യമുണ്ടായിരുന്നില്ല, സ്ഥിരമായി എന്നെ ബെഞ്ചിലിരുത്തി.മറ്റുള്ള കളിക്കാരുടെ അടുത്തുപോയി അവരെ എനിക്കെതിരെ തിരിക്കുന്നതായിരുന്നു അഫ്രീദിയുടെ രീതി. ഞാൻ മികച്ച പ്രകടനം നടത്തിയാൽ അതിൽ അസൂയപ്പെടുന്ന വ്യക്തിയായിരുന്നു അയാൾ. പാക്കിസ്ഥാനു വേണ്ടി കളിക്കാനായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. കനേരിയ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :