അഭിറാം മനോഹർ|
Last Modified ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (10:31 IST)
ഐപിഎല്ലിൽ വയസൻ പടയെന്ന കളിയാക്കലുകൾ ഏറെ കേട്ടിട്ടുള്ളതാണ് ചെന്നൈ സൂപ്പർ കിങ്സ് സംഘം. എന്നാൽ പ്രായത്തെ കളിയാക്കിയവർക്കെല്ലാം കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ടാണ് ചെന്നൈ മറുപടി നൽകിയിട്ടുള്ളത്. ചെന്നൈ നിരയെ ഇപ്പോൾ പരിശോധിക്കുമ്പോഴും ടീമിലെ പ്രധാനതാരങ്ങളെല്ലാവരും തന്നെ മുതിർന്ന താരങ്ങളാണ്.
എങ്കിലും ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ ഏറ്റവും കൂടുതൽ കണക്കാക്കപ്പെടുന്ന ടീമാണ് ചെന്നൈ. ഇപ്പോഴിതാ സിഎസ്‌കെ പ്ലേഓഫിലേക്ക് കടക്കുകയാണെങ്കിൽ നായകന്‍ എംഎസ് ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
യുഎഇയില്‍ രണ്ടാംപാദ മല്‍സരങ്ങള്‍ പുനരാരംഭിച്ച ശേഷം സിഎസ്‌കെയുടെ രണ്ടു കളികളിലും ധോണി ആറാമനായാണ് ഇറങ്ങിയിരുന്നത്. നോക്കൗട്ട് റൗണ്ടിൽ കോലി നാലാമനായി ഇറങ്ങികാണാനാണ് ആഗ്രഹം. ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം അയാള്‍ക്കു ആഗ്രഹിക്കുന്ന ബാറ്റിങ് പൊസിഷനില്‍ ഇറങ്ങാമെന്നതാണ്. ഗംഭീർ പറഞ്ഞു.
അതേസമയം കഴിഞ്ഞ സീസണിലേത് പോലെ നിരാശപ്പെടുത്തുന്നതാണ്
മുൻ ഇന്ത്യൻ നായകന്റെ ഇത്തവണത്തെയും പ്രകടനം. എന്നാൽ ക്യാപ്‌റ്റൻ എന്ന നിലയിൽ ധോണി ടീമിന്ന പകരുന്ന ഊർജം ചെറുതല്ല. പ്രായം തളർത്തുന്ന സംഘമെന്ന വിമർശനങ്ങൾക്കിടയിലും സിഎസ്‌കെ വിജയിക്കുന്നുണ്ടെങ്കിൽ ധോണി എന്ന ക്യാപ്‌റ്റനും അതിൽ നിർണായകമായ പങ്കുണ്ടെന്ന് വേണം അനുമാനിക്കാൻ.