Mohammad shami Hasin Jahan: വാതുവെപ്പുകാരൻ, ഗാർഹീക പീഡനം നടത്തുന്ന ഭർത്താവ്, ഒടുവിൽ ബിസിസിഐ കോണ്ട്രാക്റ്റിൽ നിന്ന് പോലും ഷമി പുറത്തായി, ഇന്നിപ്പോൾ ഇന്ത്യയുടെ ഹീറോ

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ജനുവരി 2024 (20:36 IST)
ഇക്കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോ മുഹമ്മദ് ഷമിയെന്ന പേസ് ബൗളറായിരുന്നു. ഇന്ത്യന്‍ ടീമിലെ പ്രധാന ബൗളറായി ടീമിനൊപ്പം ഏറെക്കാലമായുണ്ടെങ്കിലും ജസ്പ്രീത് ബുമ്രയുടെ നിഴലില്‍ നിന്നും മുന്നോട്ട് വന്ന് ഇന്ത്യയുടെ പ്രധാനബൗളര്‍ താനാണെന്ന് ഷമി പ്രഖ്യാപിച്ച ടൂര്‍ണമെന്റായിരുന്നു ഇക്കഴിഞ്ഞ ലോകകപ്പ്. 6 മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്.

നിലവില്‍ അര്‍ജുന പുരസ്‌കാരവും സ്വന്തമാക്കി ഇന്ത്യക്കാരുടെ എല്ലാം ഹീറോയായാണ് ഷമി നില്‍ക്കുന്നതെങ്കിലും രാജ്യദ്രോഹിയെന്നും റേപ്പിസ്‌റ്റെന്നുമുള്ള വിളികള്‍ ഷമി കേട്ടത് കുറച്ച് വര്‍ഷങ്ങള്‍ മുന്‍പ് മാത്രമാണ്.ഭാര്യയായ ഹസിന്‍ ജഹാനിന്റെ ഗാര്‍ഹീക പീഡനത്തെ പറ്റിയും ഒത്തുക്കളിയെ പറ്റിയുള്ള ആരോപനങ്ങളാണ് ഷമിയെ പെട്ടെന്ന് രാജ്യദ്രോഹിയും വെറുക്കപ്പെട്ടവനുമാക്കി മാറ്റിയത്. 2012ലെ ഐപിഎല്‍ സീസണിലായിരുന്നു ഷമി ഹസിന്‍ ജഹാനെ കണ്ടുമുട്ടുന്നത്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ ലീഡറായിരുന്നു ഹസിന്‍ ജഹാന്‍. ഷമിയാകട്ടെ കൊല്‍ക്കത്തന്‍ താരവും. ആ പരിചയം എത്തിനിന്നത് പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേയ്ക്കുമായിരുന്നു.

2014 ജൂണ്‍ 6നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തെ തുടര്‍ന്ന് ചിയര്‍ ലീഡറായുള്ള ജോലിയും മോഡലിംഗും ഹസിന്‍ ജഹാന്‍ ഉപേക്ഷിച്ചു. 2015ല്‍ ഇവര്‍ക്ക് ഐറ ഷമിയെന്ന മകള്‍ ജനിച്ചു. തീര്‍ത്തും സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയായിരുന്നു 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹീക പീഡന ആരോപണങ്ങളും ഒത്തുക്കളി ആരോപണങ്ങളും ഉന്നയിച്ച് ഹസിന്‍ ജഹാന്‍ മുന്നോട്ട് വന്നത്. ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ ഗാര്‍ഹീകമായി പീഡിപ്പിക്കുന്നുവെന്നും ഹസിന്‍ ജഹാന്‍ പോലീസില്‍ പറഞ്ഞു. ഇതിനെല്ലാം പുറമെ ഒത്തുക്കളി ആരോപണവും ഷമിക്കെതിരെ ഉയര്‍ന്നു. ഷമിക്ക് അലിഷ്ബ എന്ന പാകിസ്ഥാനി യുവതിയുമായി ബന്ധമുണ്ടെന്നും ഒത്തുക്കളി ഷമി നടത്തിയത് ഈ ബന്ധം കാരണമായിരുന്നുവെന്നും പിന്നീട് ഹസിന്‍ ആരോപിച്ചു.

ഈ ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചെങ്കിലും മാധ്യമങ്ങള്‍ ഷമിക്ക് പിന്നാലെ ചെന്നായക്കളെ പോലെ പിന്തുടര്‍ന്നു. ഞാന്‍ രാജ്യത്തിനായി മരിക്കും എന്നാല്‍ ഒരിക്കല്‍ പോലും ചതിക്കാന്‍ തയ്യാറല്ല എന്നായിരുന്നു ഒത്തുക്കളി ആരോപണങ്ങളെ പറ്റിയുള്ള ഷമിയുടെ പ്രതികരണം. ഈ കാലഘട്ടത്തില്‍ ബിസിസിഐയുടെ കരാറില്‍ നിന്ന് ഷമി പുറത്താകുകയും ഷമിക്കെതിരെ അന്വേഷണം നടക്കുകയും ചെയ്തു. ഈ കാലയളവില്‍ പലകുറി ആത്മഹത്യയ്ക്ക് പോലും ശ്രമിക്കുകയുണ്ടായി എന്ന് ഷമി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

2019 സെപ്റ്റംബര്‍ 2ന് അലിപ്പൂര്‍ കോടതി ഷമിക്കെതിരെ ഗാര്‍ഹിക പീഡനപരാതിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഈ കേസ് ബംഗാള്‍ സെഷന്‍ കോടതിയിലേക്ക് കൈമാറിയിരിക്കുകയാണ്. ഒരു മാസത്തിനകം ഗാര്‍ഹിക പീഡനകേസില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :