പന്തിന്റെ വന്‍ വീഴ്‌ചകള്‍ കണ്ട് ഗ്യാലറി അലറിവിളിച്ചു, ധോണിഭായ്... രോഷത്തോടെ കോഹ്‌ലി

 team india , cricket , dhoni , virat kohli , Rishabh Pant , Australia , dhoni , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ഹാന്‍‌ഡ്‌സ്‌കോമ്പ്, ആഷ്‌ടണ്‍ ടേണർ , ഋഷഭ് പന്ത്
Last Updated: തിങ്കള്‍, 11 മാര്‍ച്ച് 2019 (17:17 IST)
നിര്‍ണായക മത്സരങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണിയില്ലാത്ത ഒരു പ്ലെയിംഗ് ഇലവനെക്കുറിച്ച് വിരാട് കോഹ്‌ലിക്ക് ഓര്‍ക്കാന്‍ പോലുമാകില്ല. ഹൈദരാബാദിലും പിന്നീട് നാഗ്‌പുരിലും ജയം ആവര്‍ത്തിച്ചപ്പോള്‍ പരമ്പര ഉറപ്പാണെന്ന് ടീം ഇന്ത്യ വിശ്വസിച്ചു. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിക്ക് വിശ്രമവും അനുവദിച്ചു.


മോഹാലിയില്‍ നടന്ന നാലം ഏകദിനത്തില്‍ 358 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും കോഹ്‌ലിയും സംഘവും തോറ്റു. അപ്രതീക്ഷിതമായ പരാജയത്തിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് വിരാടും കൂട്ടരും നടക്കുമ്പോള്‍ ധോണിയേക്കുറിച്ച് മാത്രമായിരിക്കും അവര്‍ ചിന്തിച്ചത്. മൊഹാലിയിലെ നിറഞ്ഞ സ്‌റ്റേഡിയം ധോണിക്കായി അലറി വിളിച്ചത് ലോകകപ്പ് അടുത്തിരിക്കെ മുന്‍ ക്യാപ്‌റ്റന്റെ വില ഇന്ത്യന്‍ ടീമിന് മനസിലാക്കി കൊടുത്തു.

ധോണിക്ക് പകരക്കാരനായ ഋഷഭ് പന്തിന് വിക്കറ്റിന് പിന്നില്‍ സംഭവിച്ച ചില വന്‍ വീഴ്‌ചകളാണ് ഇന്ത്യയുടെ തോല്‍‌വിക്ക് കാരണമായത്. നാലാം ഏകദിനം മാത്രം കളിക്കുന്ന പന്തിന്റെ പിഴവുകളാണ് ഇന്ത്യയെ തോല്‍‌വിയിലേക്ക് തള്ളിയിട്ടത്.

ഓസീസിന്റെ രക്ഷകരായ ഹാന്‍‌ഡ്‌സ്‌കോമ്പ്, ആഷ്‌ടണ്‍ ടേണർ എന്നിവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരങ്ങളാണ് പന്ത് പാഴാക്കിയത്. കുൽദീപ് യാദവ് എറിഞ്ഞ 38മത് ഓവറിലെ അഞ്ചാമത്തെ പന്തില്‍ മികച്ചൊരു സ്‌റ്റമ്പിംഗ് ചാന്‍‌സാണ് പന്ത് പാഴാക്കിയത്. ഓസീസ് താരം ക്രീസിന് പുറത്തായിരുന്നുവെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യന്‍ കീപ്പര്‍ക്കായില്ല.

ചാഹലിന്റെ നാല്‍പ്പത്തിമൂന്നാമത് ഓവറില്‍ വെടിക്കെട്ട് വീരനായ ടേണറെ പുറത്താക്കാന്‍ ലഭിച്ച അവസരവും പന്ത് പാഴാക്കി. ടേണര്‍ മുന്നോട്ട് കയറി കളിക്കുമെന്ന് വ്യക്തമായതിനാല്‍ ചാഹല്‍ ഗതി മാറ്റി പന്തെറിഞ്ഞെങ്കിലും ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ പാന്തിന് സാധിച്ചില്ല. ഞെട്ടലോടെയാണ് ഈ നിമിഷത്തെ ആരാധകര്‍ കണ്ടത്. 27 പന്തിൽ 38 റണ്‍സ് മാത്രമായിരുന്നു ഓസീസ് താരത്തിനപ്പോള്‍ ഉണ്ടായിരുന്നത്.

പിന്നീട് 43 പന്തില്‍ 84 റണ്‍സുമായി ഓസീസിനെ വിജയിപ്പിച്ചത് ടേണര്‍ ആണെന്ന് ഓര്‍ക്കുമ്പോഴാണ് പന്തിന്റെ ഈ പിഴവിന്റെ വില മനസിലാകുന്നത്. ചാഹലിന്റെ ഈ ഓവറിലെ മൂന്നാം പന്ത് അലക്‍സ് കാരിയുടെ കാലിൽത്തട്ടി പിന്നിലേക്ക് വീണു. ബോള്‍ കൈപ്പിടിയിലാക്കിയെങ്കിലും ധോണി സ്‌റ്റൈലില്‍ തിരിഞ്ഞുനോക്കാതെ സ്‌റ്റമ്പിലേക്ക് എറിഞ്ഞെങ്കിലും ഉന്നം പിഴച്ചു. ഓസീസ് ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്‌തു.

യുവതാരത്തിന്റെ വീഴ്‌ചകള്‍ കണ്ട കോഹ്‌ലിയും അസ്വസ്ഥനായിരുന്നു. ചാഹലും നിരാശ പരസ്യമായി പ്രകടിപ്പിച്ചു. പന്തിന്റെ ഓരോ പിഴവിലും ധോണിക്കായി ഗ്യാലറി അലറിവിളിച്ചു.

ധോണിയാണ് വിക്കറ്റിന് പിന്നിലെങ്കില്‍ ക്രീസ് ലൈനില്‍ നിന്ന് കാല്‍ അനങ്ങിയാല്‍ പോലും ഔട്ടാണ്.
ബാറ്റ്‌സ്‌മാന്മാര്‍ അമ്പയറുടെ തീരുമാനം പോലും കാക്കാറില്ല. അതേസമയം, ലോകകപ്പ് അടുത്തിരിക്കെ ധോണിയുടെ പിന്‍‌ഗാമിയെന്ന ലേബലുള്ള പന്ത് വരുത്തുന്ന വീഴ്‌ചകള്‍ നിര്‍ണായക മത്സരങ്ങളില്‍ ടീമിനെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു മൊഹാലി ഏകദിനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :