കോഹ്‌ലിക്ക് ആകെ ബുദ്ധിമുട്ട്, ധോണിയില്ലാതെ പറ്റുന്നില്ല!

എം എസ് ധോണി, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ടീം ഇന്ത്യ, M S Dhoni, Virat Kohli, Rishabh Pant, Team India
Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (12:43 IST)
ക്രിക്കറ്റില്‍ ജയവും തോല്‍‌വിയും സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിലെ തോല്‍‌വി അടുത്തകാലത്തൊന്നും മറക്കുമെന്ന് തോന്നുന്നില്ല. അത്ര നിരാശാജനകമായിരുന്നു അത്. 350ന് മുകളില്‍ സ്കോര്‍ നേടിയിട്ടും ജയിക്കാനാവാതെ വരുക എന്നത് ഇന്ത്യയെ ഏറെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

തോല്‍‌വിയുടെ പ്രധാന കാരണമായി എല്ലാവരും പറയുന്ന ഒരു വിഷയം മഹേന്ദ്രസിംഗ് ധോണിയുടെ അസാന്നിധ്യമാണ്. വിക്കറ്റിന് പിന്നില്‍ ധോണി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരാണ് കൂടുതലും. ഋഷഭ് പന്തിനെ കുറച്ചുകാണുന്നതല്ല, പക്ഷേ ധോണി ടീം ഇന്ത്യയ്ക്ക് എന്താണെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ.

നാലാം ഏകദിനത്തില്‍ അനായാസമായ ഒരു സ്റ്റം‌പിംഗ് അവസരം ഋഷഭ് പന്ത് പാഴാക്കുന്നത് കണ്ടപ്പോള്‍ ഏവരും ധോണിയെ ഓര്‍ത്തു എന്നതാണ് വസ്തുത. ആ സമയത്ത് ധോണിയായിരുന്നു അവിടെയെങ്കില്‍ ബാറ്റ്‌സ്മാന് ഉടന്‍ ഡ്രസിംഗ് റൂമിലെത്തി വിശ്രമിക്കാമായിരുന്നു. ഗാലറിയൊന്നടങ്കം ‘ധോണി.. ധോണി’ എന്നാര്‍ത്തുവിളിച്ചതും അതുകൊണ്ടാണ്.

മാത്രമല്ല, ഇന്ത്യയുടെ ബൌളിംഗ് പരീക്ഷണങ്ങള്‍ പലതും പരാജയപ്പെട്ടതും നാലാം ഏകദിനത്തിലെ പ്രത്യേകതയായിരുന്നു. അപ്പോഴൊക്കെ വിരാട് കോഹ്‌ലി വല്ലാതെ മിസ് ചെയ്തത് ധോണിയെ ആയിരിക്കും. ധോണി വിക്കറ്റിന് പിന്നില്‍ ഉണ്ടെങ്കില്‍ ബൌളിംഗ് ചേഞ്ചിനെപ്പറ്റിയോ ബൌളിംഗ് രീതിയെപ്പറ്റിയോ കോഹ്‌ലിക്ക് തലപുകയ്ക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം ധോണി പ്ലാന്‍ ചെയ്തുകൊള്ളും.

350ന് മുകളില്‍ സ്കോര്‍ നില്‍ക്കെ ധോണി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ അനായാസം ജയിക്കുമായിരുന്നു എന്നാണ് ഏവരും പറയുന്നത്. അത്ര കൃത്യതയോടെയുള്ള ബൌളിംഗ് പരീക്ഷണങ്ങള്‍ക്ക് ധോണി ചുക്കാന്‍ പിടിക്കും. അതുകൊണ്ടുതന്നെ അഞ്ചാം ഏകദിനത്തിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കും കോഹ്‌ലിക്കും മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓസ്ട്രേലിയന്‍ ബാറ്റിംഗ് കരുത്തൊന്നുമല്ല. അത് ധോണി എന്ന ഇന്ദ്രജാലക്കാരന്‍റെ അസാന്നിധ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :