അഭിറാം മനോഹർ|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (16:47 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിന് മുന്നോടിയായി മെഗാതാരലേലം വരുന്ന പശ്ചാത്തലത്തിൽ ഓരോ ടീമുകളും തങ്ങളുടെ സ്ഥിരം കളിക്കാരെ ഒഴിവാക്കേണ്ടതായി വരുമെന്നത് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. താരലേലത്തിൽ പഴയ ടീമുകള്‍ക്ക് രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും ഒരു വിദേശ താരത്തെയും മൂന്ന് ഇന്ത്യന്‍ താരത്തെയുമോ നിലനിര്‍ത്താന്‍ മാത്രമെ സാധിക്കുകയുള്ളു.
ഇത് പല ടീമുകളെയും കാര്യമായി തന്നെ ബാധിച്ചേക്കും. ഐപിഎല്ലിൽ ഇത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് ഏറെ കാലമായി ഏകദേശം ഒരേ ടീമുമായി കളിക്കുന്ന ചെന്നൈ, മുംബൈ ടീമുകളെയാണ്. പുതിയ മാറ്റം വരുന്നതോടെ ടീമിലെ പല പ്രധാനതാരങ്ങളെയും മുംബൈയ്ക്ക് നഷ്ടമാവും.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയാവും മുംബൈ ഒഴിവാക്കുക എന്നാണ് സൂചന.ടി20 ഫോര്‍മാറ്റിലെ അപകടകാരിയായ താരമാണെങ്കിലും ഹാർദ്ദിക്കിന് പഴയ മികവ് ഇപ്പോൾ പുറത്തെടുക്കാനാവുന്നില്ല. സൂര്യകുമാർ,
ഇഷാൻ കിഷൻ എന്നിവരിൽ ഒരാളെയാവും ഹാർദ്ദിക്കിന് പകരമായി മുംബൈ നിലനിർത്തുക.
ടീം നായകനായ രോഹിത് ശർമയെയും വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും ഒഴിവാക്കില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമില്‍ തുടരുമെന്ന് ഉറപ്പാണ്. നാലാമതായി ഒരു താരത്തെ കൂടി നിലനിർത്താനെ മുംബൈയ്ക്ക് സാധിക്കു. സൂര്യകുമാറിനെ നിലനിർത്തി ഇഷാൻ കിഷനെ ലേലത്തിൽ വിട്ട് തിരിച്ചെടുക്കാനാകും മുംബൈ ശ്രമിക്കുക.
ടീമിൽ മൂന്നാം നമ്പറിൽ വിശ്വസ്‌ത താരമായ
സൂര്യകുമാർ സമ്മർദ്ദഘട്ടങ്ങളിൽ തിളങ്ങാൻ കെൽപ്പുള്ള താരം കൂടിയാണ്. താരലേലം നടക്കുന്ന സാഹചര്യത്തിൽ സൂപ്പര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട്,വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റന്‍ ഡീകോക്ക്,സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവരെയെല്ലാം കൈവിടേണ്ടി വരും എന്നതാണ് മുംബൈ ആരാധകരെ നിരാശരാക്കുന്നത്.