അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ഒക്ടോബര്‍ 2021 (23:05 IST)
യുഎഇയിൽ അവസാനിച്ച ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം ആരംഭിച്ചത്. സന്നാഹ മത്സരങ്ങളിൽ ഇംഗ്ലണ്ടിനെയും ഓസീസിനെയും തകർത്ത ഇന്ത്യ പക്ഷേ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.
ഷഹിന്‍ ഷാ അഫ്രീദിയുടെ പേസ് മികവിന് മുന്നിലാണ് ഇന്ത്യ തലകുനിച്ചത്. രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ മടങ്ങിയപ്പോള്‍ കെ എല്‍ രാഹുലിനും തിളങ്ങാനായില്ല. അടുത്ത കളിയിൽ താരതമ്യേനെ ശക്തരായ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയേറെയാണ്.
ഹാർദ്ദിക് പാണ്ഡെയുടെ മോശം ഫോമാണ് ടീമിനെ വലയ്ക്കുന്നത്. പന്തെറിയാൻ സാധിക്കാത്ത ഹാര്‍ദിക്കിനെ ഫിനിഷര്‍ റോളിലേക്ക് മാത്രം പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് ആദ്യ മത്സരത്തിൽ നിന്നും വ്യക്തമാകുന്നത്. ഹാർദ്ദിക്കിന് പകരം യുവതാരം ഇഷാൻ കിഷനെയും ഫോമിലല്ലാത്ത ഭുവനേശ്വർ കുമാറിന് പകരം ശാർദൂൽ ഠാക്കൂറിനെയും ഇന്ത്യ അടുത്ത മത്സരത്തിൽ പരീക്ഷിക്കാൻ സാധ്യതയേറെയാണ്.
നിർണായകമായ വിക്കറ്റുകൾ കണ്ടെത്താൻ പ്രത്യേക മിടുക്കുള്ള ശാർദൂൽ ബാറ്റിങിലും മികച്ച പ്രകടനങ്ങൾ സമീപകാലത്തായി നടത്തിയിട്ടുണ്ട്.ഐപിഎല്ലില്‍ സിഎസ്‌കെയുടെ കിരീട നേട്ടത്തിന് പിന്നില്‍ ശര്‍ദുലിന്റെ പങ്ക് വളരെ വലുതായിരുന്നു.