അഭിറാം മനോഹർ|
Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (17:37 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ തോൽവി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 26 ഓവറിൽ 117 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മിച്ചൽ സ്റ്റാർക്കും സീൻ അബോട്ടും കാമറൂൺ ഗ്രീനുമെല്ലാം തകർത്താടിയപ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ആർക്കും തന്നെ പിടിച്ചുനിൽക്കാനായില്ല.31 റൺസെടുത്ത വിരാട് കോലി, 29 റൺസെടുത്ത അക്സർ പട്ടേൽ എന്നിവരുടെ മികവിലാണ് ടീം 100 റൺസെന്ന കടമ്പ കടന്നത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് അഞ്ചും സീൻ അബോട്ട് മൂന്നും നഥാൻ എല്ലിസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഓസീസ് വീട്ടിൽ തിരിച്ചെത്തി എന്തോ കാര്യം ഉണ്ടെന്ന രീതിയിലാണ് ഇന്ത്യൻ ബൗളിംഗ് നിരയെ നേരിട്ടത്. 30 പന്തിൽ 51 റൺസുമായി ട്രാവിസ് ഗെഡും 36 പന്തിൽ നിന്നും 66 റൺസുമായി മിച്ചൽ മാർഷും തിളങ്ങിയതോടെ വെറും 11 ഓവറിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് 10 ഫോറുകൾ നേടിയപ്പോൾ 6 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു മിച്ചൽ മാർഷിൻ്റെ ബാറ്റിംഗ് പ്രകടനം.വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം മാർച്ച് 22ന് ബുധനാഴ്ച നടക്കും.