ആരൊക്കെ വിമര്‍ശിച്ചാലും കളിയാക്കിയാലും ലോകകപ്പ് ടീമില്‍ അവന്‍ ഉറപ്പ്; സഞ്ജുവിന് വേണ്ടി അവനെ പുറത്തിരുത്തില്ല !

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്

രേണുക വേണു| Last Modified ശനി, 18 മാര്‍ച്ച് 2023 (09:15 IST)

ഏകദിന ലോകകപ്പ് ടീമില്‍ കെ.എല്‍.രാഹുല്‍ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന് സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍. മറ്റൊരു താരത്തിനു വേണ്ടിയും രാഹുലിനെ പുറത്തിരുത്തില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഹുലിന് പകരം മലയാളി താരം സഞ്ജു സാംസണെ ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുമോ എന്ന ചോദ്യം നിലനില്‍ക്കെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ മധ്യനിരയില്‍ തിളങ്ങാന്‍ രാഹുലിന് സാധിക്കും. മാത്രമല്ല വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ വളരെ മികവ് പുലര്‍ത്താന്‍ രാഹുലിന് സാധിക്കുന്നുണ്ട്. ഏകദിനത്തില്‍ രാഹുലിനോളം പോന്ന വിക്കറ്റ് കീപ്പര്‍ മധ്യനിര ബാറ്റര്‍ ഇന്ത്യയില്‍ നിലവില്‍ ഇല്ല. അതുകൊണ്ട് രാഹുലിനെ ഒഴിവാക്കി ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് ടീമിലേക്ക് സ്ഥാനം ഉറപ്പിച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍ രാഹുല്‍ ആണെന്നും ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിക്കുമോ എന്ന കാര്യം സംശയമാണ്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. മോശം ഫോമിലുള്ള സൂര്യയെ മാറ്റി സഞ്ജുവിനെ അവസരം നല്‍കണമെന്ന് സെലക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയായിരിക്കും ഓപ്പണര്‍മാര്‍. വിരാട് കോലിയും ടീമില്‍ സ്ഥാനം പിടിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :