അതിവേഗത്തിൽ 2000 ടെസ്റ്റ് റൺസ്, ഇതിഹാസങ്ങൾക്ക് തൊട്ടരുകിൽ മാർനസ് ലബുഷെയ്‌ൻ

അ‌ഭിറാം മനോഹർ| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (18:34 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ശരവേഗത്തിൽ 2000 റൺസ് ക്ല‌ബിൽ ഇടം പിടിച്ച് ഓസീസ് ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്‌ൻ. അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിനിടെയാണ് ലബുഷെയ്‌ൻ നാഴികകല്ല് പിന്നിട്ടത്. കരിയറിലെ 20ആം ടെസ്റ്റിലാണ് താരത്തിന്റെ നേട്ടം.

2000 ടെസ്റ്റ് റൺസുകൾ നേടാനായി 34 ഇന്നിങ്സുകളാണ് താരത്തിന് വേണ്ടിവന്നത്. ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ലബുഷെയ്‌നായി. 22 ഇന്നിംഗ്‌സില്‍ നേട്ടത്തിലെത്തിയ ഓസ്‌‌ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്‌മാനാണ് തലപ്പത്തുള്ളത്. വിന്‍ഡീസിന്‍റെ ജോര്‍ജ് ഹെഡ്‌ലി(32 ഇന്നിംഗ്‌സ്), ഇംഗ്ലണ്ടിന്‍റെ ഹെര്‍ബ് സക്‌ലിഫ്(33 ഇന്നിംഗ്‌സ്), ഓസീസിന്‍റെ മൈക്കല്‍ ഹസി(33 ഇന്നിംഗ്‌സ്) എന്നിവരാണ് ലബുഷെയ്‌ന് മുന്നിലുള്ള മറ്റ് താരങ്ങള്‍.

പകലും രാത്രിയിലുമായി നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ 95 റൺസുമായി താരം ക്രീസിലുണ്ട്. ഒന്നാം ദിനം അവസാനിക്കുമ്പോൾ 221ന് 2 എന്ന നിലയിലാണ് ഓസീസ്. 3 റൺസെടുത്ത മാർകസ് ഹാ‌രിസ്, 95 റൺസെടുത്ത ഡേവിഡ് വാർണർ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :