വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ത്രില്ലര്‍; ഇഷാന്തിന്റെ കരുത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ഡല്‍ഹി

അവസാന ഓവറില്‍ വെറും 12 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്

രേണുക വേണു| Last Modified ബുധന്‍, 3 മെയ് 2023 (08:35 IST)

ഐപിഎല്ലില്‍ വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ത്രില്ലര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത്. വെറും 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സെടുത്തത്.

അവസാന ഓവറില്‍ വെറും 12 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ ഡല്‍ഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന രാഹുല്‍ തെവാത്തിയയെയാണ് ഇഷാന്ത് അവസാന ഓവറില്‍ പുറത്താക്കിയത്. ഇഷാന്തിന്റെ അവസാന ഓവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ഗുജറാത്തിന് സാധിച്ചില്ല.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (53 പന്തില്‍ പുറത്താകാതെ 59), അഭിനവ് മനോഹര്‍ (33 പന്തില്‍ 26), രാഹുല്‍ തെവാത്തിയ (ഏഴ് പന്തില്‍ 20) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഗുജറാത്തിന് ജയിക്കാന്‍ സാധിച്ചില്ല. ഡല്‍ഹിക്ക് വേണ്ടി ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 23 റണ്‍സിന് ഡല്‍ഹിക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതാണ്. അമന്‍ ഹക്കീം ഖാന്‍ (44 പന്തില്‍ 51), അക്ഷര്‍ പട്ടേല്‍ (30 പന്തില്‍ 27), റിപല്‍ പട്ടേല്‍ (13 പന്തില്‍ 23) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഡല്‍ഹിയുടെ സ്‌കോര്‍ 100 കടത്തിയത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :