അഭിറാം മനോഹർ|
Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (13:11 IST)
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണെങ്കിലും ലോകകപ്പിൽ ഒരു പ്ലാൻ ബി ഇല്ല എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് ഇംഗ്ലണ്ടിന്റെ മുൻ നായകനും ഇപ്പോൾ കമന്റേറ്ററുമായ നാസർ ഹുസൈൻ. ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനിരിക്കെയാണ് നാസർ ഹുസൈന്റെ വിമർശനം.
ഇന്ത്യയുടെ മുൻനിര പരാജയപ്പെട്ടാൽ അതിനെ പ്രതിരോധിക്കാനുള്ള ഒരു പ്ലാൻ ബി ഇന്ത്യയ്ക്കില്ല എന്നാണ് ഹുസൈൻ പറയുന്നത്. നോക്കൗട്ട് ഘട്ടത്തിലെത്തുമ്പോൾ ഈ പ്രശ്‌നം ഗുരുതരമാകുമെന്നും ഹുസൈൻ അഭിപ്രായപ്പെടുന്നു. 2019ലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇത് തന്നെയാണ് സംഭവിച്ചത്. ഇതേ കാര്യം തന്നെയാണ് ഇത്തവണയും ആവർത്തിക്കാൻ പോകുന്നത് ഹുസൈൻ പറഞ്ഞു.
രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ എന്നിവരുൾപ്പെടുന്ന മുൻനിര മികച്ച പ്രകടനമാണ് കാഴ്‌ച്ചവെയ്ക്കുന്നത്. എന്നാൽ മധ്യനിരയ്ക്ക് ആവശ്യത്തിന് അവസരം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. നോക്കൗട്ടിലോ ഫൈനലിലോ 30 റൺസിനിടെ ആ മൂന്നുപേരും പുറത്തായാൽ മധ്യനിരയ്ക്ക് ഇന്ത്യയെ താങ്ങാനാവുമോ എന്നത് സംശയമാണ് ഹുസൈൻ പറഞ്ഞു.