ടി20 ലോകകപ്പ്: തീ പാറും, കോലിയും ബാബർ അസമും നേർക്ക്‌ നേർ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (11:00 IST)
ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മാ‌റ്റുരയ്ക്കുമ്പോൾ അത് ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പർ ബാറ്റ്സ്മാന്മാരുടെ കൂടി പോരാട്ടത്തിന്റെ വേദിയാകും.ടി20യിൽ നായകനെന്ന നിലയിൽ കോലിയുടെ അവസാന ടൂർണമെന്റ് ആണെന്നിരിക്കെ നായകന്മാർ എന്ന നിലയിൽ ടി20യിൽ ഇരു‌വരും ഏറ്റുമുട്ടുന്ന അവസാനമത്സരങ്ങളിൽ ഒന്നായിരിക്കും ഇത്.

ലോകകപ്പിൽ ഇതുവരെയും പാകിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡുമായി ഇറങ്ങു‌മ്പോൾ ആ ചരിത്രം തിരുത്താനുറച്ചാണ് പാകിസ്ഥാന്റെ വരവ്. ഇനി കുട്ടി ക്രിക്കറ്റിലെ കളി കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ നിലവിൽ
റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. 90 കളിയില്‍ 3159 റണ്‍സ്. ട്വന്റി 20യില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യബാറ്ററും ഇന്ത്യന്‍ നായകന്‍. 52.65 ബാറ്റിംഗ് ശരാശരിയുള്ള കോലിയാണ് ട്വന്റി 20യില്‍ 50 ൽ കൂടുതൽ ബാറ്റിങ് ശരാശരിയുള്ള ഏകതാരം.

61 ടി20 മത്സരങ്ങളിൽ നിന്നും 46.89 ശരാശരിയിൽ 2204 റൺസാണ് ബാബർ നേടിയിട്ടുള്ളത്. കോലി നിറം മങ്ങിയ 2018ന് ശേഷമുള്ള കാലയളവിൽ ടി20യിൽ ബാബറിനോളം റൺസ് കണ്ടെത്തിയ മറ്റൊരു ബാറ്റ്സ്മാനില്ല. 2018ന് ശേഷം 1173 റൺസാണ് ബാബർ നേടിയത്. 993 റൺസുമായി ഇന്ത്യൻ നായകൻ കോലി തന്നെയാണ് രണ്ടാമത്.

കോലിയെ പോലെ തന്നെ റൺസ് ചേസ് ചെയ്യുന്നതിനുള്ള മിടുക്കാണ് ബാബറിനെയും മറ്റ് ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്‌തനാക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ 45 കളിയില്‍ ഇന്ത്യ 29ല്‍ ജയിച്ചപ്പോള്‍ ബാബറിന്റെ നേതൃത്വത്തില്‍ 28 മത്സരങ്ങള്‍ക്കിറങ്ങിയ പാകിസ്ഥാന്‍ 15 എണ്ണത്തിലാണ് വിജയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :