കൂറ്റൻമാരുടെ കാറ്റഴിച്ച് ഇംഗ്ലണ്ട്, നാണക്കേടോടെ ലോകകപ്പ് തുടങ്ങി വിൻഡീസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (07:56 IST)
ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോ‌ൽവിയോടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ച് വിൻഡീസ്. ദുബായിൽ നടന്ന മത്സരത്തിൽ വെറും 55 റൺസിനാണ് വിൻഡീസ് പുറത്തായത്. ഇതോടെ ടി20 ലോകകപ്പിലെ
സ്ഥിരാംഗ രാജ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ ‌സ്കോർ എന്ന നാണക്കേടും വിൻഡീസ് സ്വന്തമാക്കി.

ടി20യില്‍ കരീബിയന്‍ പടയുടെ രണ്ടാമത്തെ കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. 2019ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ 45 റണ്‍സില്‍ പുറത്തായതാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമിന്റെ മൂന്നാമത്തെ കുറഞ്ഞ സ്കോറാണ് കരീബിയൻ ടീം എഴുതിചേർത്തത്. 2014ല്‍ 39 റണ്‍സിലും ഇത്തവണ യോഗ്യതാ റൗണ്ടില്‍ 44 റണ്‍സിലും കീഴടങ്ങിയ നെതര്‍ലന്‍ഡ്‌സാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

മത്സരത്തിൽ നാലുവിക്കറ്റുകൾ നേടിയ ആദിൽ റഷീദും
രണ്ട് പേരെ വീതം പുറത്താക്കി മൊയീന്‍ അലിയും ടൈമല്‍ മില്‍സും ഓരോ വിക്കറ്റുമായി ക്രിസ് വോക്‌സും ക്രിസ് ജോര്‍ദാനുമായാണ് കരീബിയൻ കരുത്തരെ 55 റൺസിൽ തളച്ചത്. വിന്‍ഡീസ് നിരയില്‍ 13 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് ടോപ് സ്‌കോര്‍. ഗെയ്‌ല്‍ ഒഴികെ മറ്റാരും രണ്ടക്കം കാണാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 8.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയം കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :