രോഹിത്തിന് കൊവിഡ്, കെ എൽ രാഹുലിന് പരിക്ക്: കോലി വീണ്ടും ടെസ്റ്റ് ടീം നായകനാകുന്നു?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (12:11 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് തൊട്ട് മുൻപ് ഇന്ത്യ ടീം നായകൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതിയ ക്യാപ്റ്റനെ തേടുകയാണ് ടീം ഇന്ത്യ. രോഹിത്തിന് പിന്നാലെയുള്ള സീനിയർ താരമായ കെ എൽ രാഹുലും പരിക്കിൻ്റെ പിടിയിലായതാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ടീമിലെ സീനിയർ താരമായ കോലിക്ക് വീണ്ടും നായകൻ്റെ ചുമതല ലഭിക്കുമെന്നാണ് കരുതുന്നത്.

മുൻ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ കൂടി ടീമിൽ ഇല്ലാത്തതിനാൽ മുൻ നായകൻ വിരാട് കോലിയോ വിക്കറ്റ് കീപ്പർ റിഷഭ് പന്തോ ഇന്ത്യയെ നയിച്ചേക്കാം എന്നാണ് സൂചന. പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ റിഷഭ് പന്തിനെ ഈ വലിയ ചുമതല ഇന്ത്യ ഏൽപ്പിക്കാതിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കോലി ടീം നായക്സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ പരമ്പരയിൽ 2-1ന് മുൻപിലാണ് ഇന്ത്യ. കോലിയുടെ നായകത്വത്തിന് കീഴിലായിരുന്നു ഈ വിജയങ്ങൾ എന്നതിനാൽ കോലി തന്നെ അവസാന മത്സരത്തിൽ ടീമിനെ നയിക്കണമെന്നാണ് ആരാധകരുടെയും ആവശ്യം. അതേസമയം മാനേജ്മെൻ്റുമായി അത്ര രസത്തിലല്ല കോലി എന്നതിനാൽ താരം നായകസ്ഥാനം ഏറ്റെടുക്കുമോ എന്നും വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :