അഭിറാം മനോഹർ|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (16:27 IST)
കരിയറിലെ നൂറാമത് ടെസ്റ്റിൽ വിരാട് കോലി ഇറങ്ങുമ്പോൾ താരത്തെ കാത്തിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ നാഴികകല്ലുകൾ. ക്രിക്കറ്റിലെ വലിയ ഫോർമാറ്റിൽ 100 ടെസ്റ്റുകൾ പൂർത്തിയാക്കുന്ന പന്ത്രണ്ടാമത് ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്.
കൂടാതെ മൊഹാലി ടെസ്റ്റിൽ 38 റൺസ് കൂടി സ്വന്തമാക്കാനായാൽ ടെസ്റ്റിൽ 8000 റൺസ് എന്ന നേട്ടം കോലിക്ക് സ്വന്തമാവും. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,രാഹുൽ ദ്രാവിഡ്,സുനിൽ ഗവാസ്‌കർ,വിരേന്ദർ സെവാഗ്,വിവിഎസ് ലക്ഷ്‌മൺ എന്നീ താരങ്ങളാണ് 8000 റൺസ് പിന്നിട്ട താരങ്ങളുടെ പട്ടികയിലുള്ളത്.
മത്സരത്തിൽ 38 റൺസ് സ്വന്തമാക്കാനായാൽ
8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും.
സച്ചിൻ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ്(158 ഇന്നിംഗ്‌സ്), വീരേന്ദര്‍ സെവാഗ്(160 ഇന്നിംഗ്‌സ്), സുനില്‍ ഗാവസ്‌കര്‍ (166 ഇന്നിംഗ്‌സ്) എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ളത്. 168 ഇന്നിങ്സുകളാണ് ഇതുവരെ കളിച്ചത്.
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി മോശം ഫോമിലാണ് കോലി.
2021ല്‍ അവസാന അഞ്ച് ഹോം ടെസ്റ്റുകളില്‍ 26.00 ശരാശരിയില്‍ 208 റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ. എട്ട് ഇന്നിങ്സുകളിൽ മൂന്ന് തവണ കോലി പൂജ്യത്തിന് പുറത്താവുകയും ചെയ്‌തിരുന്നു.
എന്നാൽ നൂറാം ടെസ്റ്റ് മത്സരത്തിൽ കോലി ഇറങ്ങുമ്പോൾ ഒരു സെഞ്ചുറി പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ ആവശ്യത്തെ തുടർന്ന് കോലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിന് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നു.