ഭാഗ്യം സഞ്ജുവിനെ തേടി വരികയാണോ? കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ സഞ്ജുവിന് സാധ്യത എത്രമാത്രം?

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (19:35 IST)
ഏഷ്യാകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞതോടെ ടീമിലെ പരിചയസമ്പന്നരായ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ എങ്ങനെയാകും തങ്ങളുടെ തിരിച്ചുവരവില്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം കെ എല്‍ രാഹുലിന് ഏഷ്യാകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ഇതോടെ കെ എല്‍ രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ അവസരം ലഭിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

റിസര്‍വ് പ്ലെയര്‍ എന്ന നിലയിലാണ് സഞ്ജു സാംസണ്‍ ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്. ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ടീം പരിഗണിക്കുന്നത്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഓപ്പണിംഗ് റോള്‍ അടക്കം ടീമിലെ ആദ്യ നാല് പൊസിഷനുകള്‍ ലോക്കാണ്. മധ്യനിരയിലെ അനുഭവസമ്പത്ത് സഞ്ജുവിന് കരുത്താണെങ്കിലും ടീം മുന്‍ഗണന നല്‍കുന്നത് ഇഷാന്‍ കിഷനെയാണ്. അതിനാല്‍ തന്നെ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനെയാകും ടീം കീപ്പറായി പരിഗണിക്കാന്‍ സാധ്യതയധികമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നു.

ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലാണ് കെ എല്‍ രാഹുല്‍ കളിക്കില്ല എന്നുറപ്പുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ വ്യക്തത വരിക. ഏഷ്യാകപ്പില്‍ താരത്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ലോകകപ്പിന് മുന്‍പായി നടക്കുന്ന ഓസീസിനെതിരായ പരമ്പരയില്‍ മാത്രമാകും താരത്തിന് ലോകകപ്പിന് തയ്യാറെടുക്കാന്‍ അവസരം ലഭിക്കുക. ഇത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളെ ഒന്നാകെ ബാധിക്കും. കെ എല്‍ രാഹുല്‍ ടീമിലില്ലെങ്കില്‍ ബാക്കപ്പ് കീപ്പറെന്ന നിലയില്‍ ഇഷാന്‍ കിഷനുമായി ടീം മുന്നോട്ട് പോകുകയാണെങ്കില്‍ മധ്യനിരയില്‍ മാത്രമാകും ഇഷാന് അവസരമാകുക. മധ്യനിരയില്‍ ഇഷാന് അനുഭവസമ്പത്ത് ഇല്ല എന്നത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ തലവേദന തന്നെ സൃഷ്ടിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :