ദൗര്‍ഭാഗ്യവശാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല; സമ്മതിച്ച് കെ.എല്‍.രാഹുലും

ദൗര്‍ഭാഗ്യവശാല്‍ സഞ്ജുവിന് തന്റെ കഴിവിനൊത്ത അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച കെ.എല്‍.രാഹുലും സമ്മതിക്കുന്നു

രേണുക വേണു| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (08:56 IST)

ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ മറ്റ് രണ്ട് താരങ്ങളേക്കാള്‍ കുറവ് അവസരങ്ങളാണ് സഞ്ജുവിന് ലഭിച്ചിട്ടുള്ളത്. ഇതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പലപ്പോഴും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടുകയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇനിയെങ്കിലും സഞ്ജുവിന് സ്ഥിരമായി അവസരങ്ങള്‍ നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ദൗര്‍ഭാഗ്യവശാല്‍ സഞ്ജുവിന് തന്റെ കഴിവിനൊത്ത അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച കെ.എല്‍.രാഹുലും സമ്മതിക്കുന്നു. ' ഐപിഎല്ലില്‍ സഞ്ജു വളരെ മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിനു ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്തായാലും സഞ്ജു ഇന്ന് വളരെ മികച്ച രീതിയില്‍ ഇന്ത്യക്കായി കളിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണ്,' രാഹുല്‍ പറഞ്ഞു.

2021 ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് സഞ്ജു ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ ഏകദിനത്തിലേക്ക് വിളിക്കുന്നത്. വെറും 16 മത്സരങ്ങള്‍ മാത്രമാണ് ഏകദിന ഫോര്‍മാറ്റില്‍ സഞ്ജു കളിച്ചത്. 14 ഇന്നിങ്‌സുകളില്‍ നിന്നായി 56.67 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ഇപ്പോള്‍ താരത്തിന്റെ പേരിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :