ക്ലാസായി സഞ്ജുവും അര്‍ഷ്ദീപും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

114 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 108 റണ്‍സാണ് സഞ്ജു നേടിയത്

രേണുക വേണു| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (08:26 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 78 റണ്‍സിന് ഇന്ത്യ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 ന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം. അര്‍ഷ്ദീപ് സിങ് പരമ്പരയിലെ താരമായി.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 നു അടുത്തെത്തിച്ചത് സഞ്ജുവിന്റെ ക്ലാസ് ഇന്നിങ്‌സാണ്. 114 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 108 റണ്‍സാണ് സഞ്ജു നേടിയത്. ഏകദിന കരിയറിലെ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് ബോളണ്ട് പാര്‍ക്കില്‍ പിറന്നത്. തിലക് വര്‍മ 77 പന്തില്‍ 52 റണ്‍സും റിങ്കു സിങ് 27 പന്തില്‍ 38 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോണി ദി സോര്‍സി (87 പന്തില്‍ 81) പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. നായകന്‍ ഏദന്‍ മാര്‍ക്രം 41 പന്തില്‍ 36 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാനും വാഷിങ്ടണ്‍ സുന്ദറിനും രണ്ട് വീതം വിക്കറ്റുകള്‍. മുകേഷ് കുമാറും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :