ആവേശമുയർത്തി കൊൽക്കത്ത-മുംബൈ പോരാട്ടം: പാറ്റ് കമ്മിൻസും സൂര്യകുമാർ യാദവും തിരിച്ചെത്തിയേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (12:56 IST)
ഐപിഎല്ലിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോരാട്ടം. പുനെയിൽ വൈകീട്ട് ഏഴരയ്ക്കാണ് കൊൽക്കത്തയും മുംബൈയും ഏറ്റുമുട്ടുക. ഡൽഹി ക്യാപ്പിറ്റൽസിനോടും രാജസ്ഥാൻ റോയൽസിനോടും പരാജയം ഏറ്റുവാങ്ങിയാണ് മുംബൈ എത്തുന്നത്. ഇഷാൻ കിഷൻ,തിലക് വർ‌മ എന്നിവരൊഴികെ മറ്റാരും ബാറ്റിങ്ങിൽ തിളങ്ങാത്തതാണ് മുംബൈയെ വലയ്ക്കുന്നത്.

പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ഇന്ന് ടീമിൽ തിരിച്ചെത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അന്‍മോല്‍പ്രീത് സിംഗ് പുറത്താവും കീറണ്‍ പൊള്ളാര്‍ഡും രോഹിത് ശർമയും ഫോമിലേക്കെത്താതതും മുംബൈയ്ക്ക് തിരിച്ചടിയാണ്. ബൗളിങിൽ ജസ്‌പ്രീത് ബു‌മ്രയൊഴികെ മറ്റാരും തന്നെ തിളങ്ങാത്തത് ടീമിനെ ദുർബലമാക്കുന്നു.

അതേസമയം അജിങ്ക്യ രഹാനെയും വെങ്കിടേഷ് അയ്യരും നിറം മങ്ങിയത് കൊൽക്കത്തയ്ക്കും തിരിച്ചടിയാണ്. ആന്ദ്രേ റസ്സലിന്റെ കരുത്താണ് കെകെആറിന് ആശ്വാസം. നായകന്‍ ശ്രേയസ് അയ്യരും നിതീഷ് റാണയും സാം ബില്ലിംഗ്‌സും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. സാം ബില്ലിങ്‌സിന് പകരം ഓസീസ് ടീം നായകൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തിയേക്കും.

ബൗളിങ്ങിൽ ഉമേഷ് യാദവിന്റെ മിന്നും ഫോമാണ് കൊൽക്കത്തയുടെ കരുത്ത്.
വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും ഏത് ടീമിനും വെല്ലുവിളി സൃഷ്ടിക്കുന്നവരാണ്. ഇതുവരെ നേർക്ക്‌നേർ കളിച്ച 29 മത്സരങ്ങളിൽ 22 എണ്ണത്തിലും മുംബൈയാണ് വിജയിച്ചതെന്ന കണക്കുകൾ മാത്രമാണ് മുംബൈയ്ക്ക് അനുകൂലമായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :