ആഷസിലെ തകര്‍പ്പന്‍ പ്രകടനം, സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ജോ റൂട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജൂലൈ 2023 (10:08 IST)
ഓവല്‍ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ബാസ് ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയ റൂട്ട് 106 പന്തില്‍ നിന്നും 91 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിന്റെ പക്കല്‍ നിന്നും മത്സരം തിരികെവാങ്ങുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പ്രകടനം.

ആഷസ് 2023ലും 300+ റണ്‍സുകള്‍ സ്വന്തമാക്കാനായതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സീരീസുകളില്‍ 300+ റണ്‍സുകള്‍ എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേട്ടത്തിനൊപ്പമെത്താന്‍ താരത്തിനായി. 19 തവണയാണ് ഇരുതാരങ്ങളും ഒരു ടെസ്റ്റ് സീരീസില്‍ 300+ റണ്‍സുകള്‍ കണ്ടെത്തിയത്. 18 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള രാഹുല്‍ ദ്രാവിഡ്, ബ്രയാന്‍ ലാറ എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്. റിക്കി പോണ്ടിംഗ് അലിസ്റ്റര്‍ കുക്ക് എന്നിവര്‍ 17 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2024ല്‍ ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്. അതിനാല്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡ് നേട്ടം താരം എളുപ്പത്തില്‍ മറികടന്നേക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

2023ലെ ആഷസ് പരമ്പരയില്‍ 51.50 ശരാശരിയില്‍ 412 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും 2 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :