England vs Australia Ashes Series 2023: അടുത്ത കളി തോറ്റാലും കുഴപ്പമില്ല, ആഷസ് ഓസ്‌ട്രേലിയയ്ക്ക്; കാരണം ഇതാണ്

നാലാം ടെസ്റ്റ് മഴയെ തുടര്‍ന്ന് സമനിലയില്‍ ആയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്

രേണുക വേണു| Last Modified തിങ്കള്‍, 24 ജൂലൈ 2023 (11:10 IST)

England vs Australia Ashes Series 2023: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ ഓസ്‌ട്രേലിയയ്ക്ക് നേട്ടം. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പരമ്പരയില്‍ 2-1 ന് ഓസീസ് ലീഡ് ചെയ്യുകയാണ്. ഒരു മത്സരം കൂടി പരമ്പരയില്‍ ശേഷിക്കുന്നുണ്ട്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ തോറ്റാലും ഇത്തവണ ആഷസ് ഓസ്‌ട്രേലിയയ്ക്ക് തന്നെ. അടുത്ത ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ പരമ്പര 2-2 എന്ന നിലയിലാകും. പരമ്പര സമനിലയില്‍ ആയാല്‍ മുന്‍ വര്‍ഷം ആര്‍ക്കാണോ ആഷസ് കിരീടം ലഭിച്ചത് അവര്‍ക്ക് തന്നെയായിരിക്കും പരമ്പര ലഭിക്കുക. കഴിഞ്ഞ തവണ ആഷസ് നേടിയത് ഓസ്‌ട്രേലിയയാണ്. അതുകൊണ്ട് ഇത്തവണയും ആഷസ് ഓസീസിന് തന്നെ.

നാലാം ടെസ്റ്റ് മഴയെ തുടര്‍ന്ന് സമനിലയില്‍ ആയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 317 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 592 റണ്‍സ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സ് ലീഡുണ്ടായിരുന്നു ഇംഗ്ലണ്ടിന്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 214/5 എന്ന നിലയിലായിരുന്നു. ഇംഗ്ലണ്ടിന്റെ ലീഡില്‍ നിന്ന് 61 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ അഞ്ച് വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് ശേഷിക്കുന്നുണ്ടായിരുന്നത്. അഞ്ചാം ദിനം മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും എറിയാന്‍ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ആഷസ് പരമ്പര ആതിഥേയര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :