ഓവൽ ടെസ്റ്റിനിടെ അപ്രതീക്ഷിത പ്രഖ്യാപനം, സ്റ്റുവർട്ട് ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജൂലൈ 2023 (09:15 IST)
ആഷസ് ടെസ്റ്റിനിടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസപേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഈ ആഷസോടെ വിരാമമാകുന്നത്. 37കാരനായ താരം ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിനങ്ങളും 56 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 845 വിക്കറ്റുകളാണ് താരത്തിനുള്ളത്.

2007ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ സ്വന്തമാക്കിയ രണ്ട് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ബ്രോഡ്. സഹതാരം കൂടിയായ ഇതിഹാസതാരം ജെയിംസ് ആന്‍ഡേഴ്‌സാണ് ലിസ്റ്റിലെ മറ്റൊരു താരം. ഓവലില്‍ നടക്കുന്ന ആഷസിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ വിക്കറ്റ് സ്വന്തമാക്കിയതോടെ ആഷസില്‍ 150 വിക്കറ്റ് എന്ന അതുല്യ നേട്ടവും വിരമിക്കല്‍ ടെസ്റ്റില്‍ ബ്രോഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനായി 2010ലെ ടി20 ലോകകപ്പും നാല് ആഷസ് പരമ്പര വിജയങ്ങളുള്‍പ്പടെ ന്നിരവധി കിരീടങ്ങള്‍ ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :