അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജനുവരി 2026 (13:52 IST)
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഓസ്ട്രേലിയയുടെ വിജയത്തിന് തടസ്സമായി നിന്നത് 22-കാരനായ ജേക്കബ് ബെഥലിന്റെ ഒറ്റയാള്‍ പോരാട്ടം. സഹതാരങ്ങള്‍ ഓരോന്നായി കൂടാരം കയറിയപ്പോഴും പതറാതെ പൊരുതിയ ബെഥലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നല്‍കുന്നത്. നാലാം ദിനം അവസാനിക്കുമ്പോള്‍
8 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 119 റണ്‍സിന്റെ ലീഡാണ് നിലവില്‍ ഇംഗ്ലണ്ടിനുള്ളത്.
ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 567 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയതോടെ വലിയ ലീഡ് വഴങ്ങിയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ തുടക്കം തന്നെ ഓപ്പണര്‍ സാക് ക്രോളിയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ബെന്‍ ഡക്കറ്റും (42) ബെഥലും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ കരക്കയറ്റുമെന്ന സൂചന നല്‍കിയെങ്കിലും ഡെക്കറ്റിനെ മിച്ചല്‍ നെസ്സര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലായിരുന്നു.
ബോലാണ്ടും വെബ്സ്റ്ററും ചേര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തകര്‍ന്നു. അപ്പോഴും ഒരറ്റത്ത് വിക്കറ്റ് കാത്ത ബേഥലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. കഴിഞ്ഞ ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ജോ റൂട്ട് (6), നായകന്‍ ബെന്‍ സ്റ്റോക്‌സ് (1) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിങ്ങിനെ ചുമലിലേറ്റേണ്ട ഉത്തരവാദിത്തം ബേഥലിന്റെ ചുമതലയിലായി. 42 റണ്‍സെടുത്ത ഹാരി ബ്രൂക്ക് 26 റണ്‍സുമായി ജാമി സ്മിത്ത് എന്നിവര്‍ മാത്രമാണ് ചെറിയൊരു പിന്തുണയെങ്കിലും ബേഥലിന് നല്‍കിയുള്ളു.
22കാരനായ താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിപ്രകടനമാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയെ വൈകിപ്പിക്കുന്നത്. അഞ്ചാം ദിനം ആരംഭിക്കുമ്പോള്‍ 119 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ആദ്യ സെഷനില്‍ തന്നെ 2 വിക്കറ്റുകളും സ്വന്തമാക്കി അതിവേഗ വിജയം സ്വന്തമാക്കാനാകും ഓസീസിന്റെ പദ്ധതി. അതേസമയം മത്സരത്തില്‍ പൊരുതാവുന്ന സ്‌കോര്‍ വിക്കറ്റ് കളയാതെ തന്നെ നേടിയെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. 232 പന്തുകളില്‍ നിന്നാണ് ബേഥലിന്റെ 142 റണ്‍സ് പ്രകടനം.