അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജനുവരി 2026 (13:33 IST)
സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്.ട്രാവിസ് ഹെഡിന് പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 384 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയിലാണ്. 129 റണ്‍സുമായി സ്റ്റീവ് സ്മിത്തും 42 റണ്‍സുമായി ബ്യൂ വെബ്സ്റ്ററുമാണ് ക്രീസില്‍.
മത്സരത്തില്‍ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 37 സെഞ്ചുറികള്‍ തികയ്ക്കാന്‍ സ്മിത്തിനായി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളുള്ള ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിനെ മറികടക്കാനും സ്മിത്തിന് സാധിച്ചു. നിലവില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള ബാറ്റര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സ്മിത്ത്. നേരത്തെ 166 പന്തില്‍ 163 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് ഓസീസ് ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച ഹെഡ് മത്സരത്തില്‍ ഓസീസിന് മുന്‍തൂക്കം നല്‍കി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 134 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് മുന്നിലുള്ള ഓസ്ട്രേലിയ നേരത്തെ തന്നെ ആഷസ് നിലനിര്‍ത്തിയിരുന്നു. സിഡ്‌നി ടെസ്റ്റിലും വിജയിക്കാനായാല്‍ 4-1ന് പരമ്പര സ്വന്തമാക്കാന്‍ ഓസീസിനാകും.