Cricket Worldcup: സച്ചിന്റെ റെക്കോര്‍ഡുകള്‍ പലതും കോലി തകര്‍ത്തേക്കാം, പക്ഷേ ലോകകപ്പിലെ നേട്ടങ്ങളില്‍ സച്ചിന്‍ വേറെ ലെവല്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (20:29 IST)
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നാണ് കോലി സച്ചിന്‍ ഇവരില്‍ ആരാണ് ഏറ്റവും മികച്ച താരം എന്നത്. ഏകദിന ക്രിക്കറ്റിന്റെ കാര്യം കണക്കിലെടുക്കുകയാണെങ്കില്‍ സച്ചിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിയ്ക്കുള്ളതെന്ന് ഏത് ക്രിക്കറ്റ് ആരാധകനും സമ്മതിച്ചേ മതിയാവുകയുള്ളു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടവും അടുത്ത് തന്നെ കോലി മറികടക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ടെസ്റ്റിലെ സച്ചിന്റെ നേട്ടങ്ങളെ മറികടക്കാന്‍ കോലിയ്ക്ക് പ്രയാസമാകും.

സുപ്രധാനമായ ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് മികച്ച കളിക്കാരനുള്ള മാനദണ്ഡമെങ്കില്‍ ഏകദിന ലോകകപ്പിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കോലിയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും ഉയരെയാണ് സച്ചിന്റെ ലോകകപ്പ് നേട്ടങ്ങള്‍. 1992 മുതല്‍ 2011 വരെ 5 ലോകകപ്പുകളിലായി 45 മത്സരങ്ങളാണ് സച്ചിന്‍ കളിച്ചത്. ഇത്രയും മത്സരങ്ങളിലെ 44 ഇന്നിങ്ങ്‌സുകളില്‍ നിന്നും 56.95 ശരാശരിയില്‍ 2278 റണ്‍സാണ് സച്ചിന്‍ ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. 6 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാകട്ടെ 4 ലോകകപ്പുകളിലായി കളിച്ച 42 മത്സരങ്ങളില്‍ നിന്നും നേടിയത് 1743 റണ്‍സാണ്. 45.86 റണ്‍സാണ് താരത്തിന്റെ ശരാശരി. 1532 റണ്‍സുമായി കുമാര്‍ സംഗക്കാരയും 1225 റണ്‍സുമായി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുള്ളത്. 3 ലോകകപ്പുകളിലെ 26 മത്സരങ്ങളില്‍ നിന്നും 1030 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യയുടെ വിരാട് കോലി നിലവില്‍ പട്ടികയില്‍ 17ആം സ്ഥാനത്താണ്.46.81 റണ്‍സ് ശരാശരിയിലാണ് കോലിയുടെ നേട്ടം. 2 സെഞ്ചുറികളും 6 അര്‍ധസെഞ്ചുറികളും മാത്രമാണ് ഏകദിന ലോകകപ്പില്‍ കോലി ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. 2023ലെ ലോകകപ്പിന് ശേഷം ഇനിയൊരു ലോകകപ്പ് കോലി കളിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ തന്നെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, അര്‍ധസെഞ്ചുറികള്‍,ശരാശരി എന്നിങ്ങനെ സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ ഒന്നും തന്നെ തകര്‍ക്കാന്‍ കോലിയ്ക്ക് സാധിക്കില്ല.

നിലവില്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങളെല്ലാം തന്നെ ആയിരത്തിനടുത്ത് റണ്‍സ് മാത്രമാണ് ലോകകപ്പില്‍ നേടിയിട്ടുള്ളത് അതിനാല്‍ തന്നെ സമീപഭാവിയില്‍ ഒന്നും തന്നെ ലോകകപ്പിലെ സച്ചിന്റെ നേട്ടങ്ങളെ മറ്റൊരു താരം മറികടക്കില്ല. ടെസ്റ്റിലെയും ഏകദിനത്തിലെയും പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പലര്‍ക്കും സാധിച്ചെങ്കില്‍ തന്നെ ലോകകപ്പിലെ സച്ചിന്റെ നേട്ടം തകരാതെ തുടരാനാണ് സാധ്യതയേറെയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :