അഭിറാം മനോഹർ|
Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (20:40 IST)
ഓരോ
ഐപിഎൽ സീസണുകളിലും ഒരോ പുതിയ നായകന്മാർ ഉയർന്നു വരികയും പല താരങ്ങളും നിറം മങ്ങുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ഐപിഎൽ അത്തരത്തിൽ പറയുകയാണെങ്കിൽ ദിനേഷ് കാർത്തിക്കിൻ്റേതായിരുന്നു. എന്നാൽ ഐപിഎൽ 23 സീസൺ പകുതിയാകുമ്പോൾ ഈ സീസണിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ചെന്നൈ താരമായ അജിങ്ക്യ രഹാനെയാണ്. ടെസ്റ്റ് കരിയർ പോലും അവസാനിച്ചെന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും വിധിയെഴുത്തിയ താരം അപ്രതീക്ഷിതമായ പ്രകടനമാണ് ഐപിഎല്ലിൽ നടത്തുന്നത്.
2019ലെ ഐപിഎൽ സീസണിൽ 14 കളികളിൽ നിന്നും 393 ഈൗൺസും 2020 സീസണിൽ 9 കളികളിൽ നിന്നും 113 റൺസും ഡൽഹി ക്യാപ്പിറ്റൽസിനായി കളിച്ച സീസണിൽ 11 കളികളിൽ നിന്നും 121 റൺസും മാത്രമാണ് താരം നേടിയത്. കഴിഞ്ഞ സീസണിൽ കെകെആറിൽ ഉണ്ടായിരുന്ന താരം 7 കളികളിൽ നിന്നും 133 റൺസും മാത്രമായിരുന്നു നേടിയത്. ഐപിഎല്ലിൽ ആരും വാങ്ങാനില്ലാതിരുന്ന താരത്തെ അടിസ്ഥാാന വിലയിൽ വാങ്ങണമെന്ന് വാശിപ്പിടിച്ചത് ചെന്നൈ നായകൻ എം എസ് ധോനിയായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
അടിസ്ഥാന വിലയായ 50 ലക്ഷത്തിന് സ്വന്തമാക്കിയ താരത്തെ ചെന്നൈ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ കളിപ്പിച്ചിരുന്നില്ല. എന്നാൽ താരത്തിന് അവസരം ലഭിച്ച ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചുറി കൊണ്ട് രഹാനെ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചു. ഈ സീസണിൽ 5 കളികളിൽ നിന്നും 209 റൺസ് താരം ഇതിനകം നേടി കഴിഞ്ഞു. 52.25 ശരാശരിയിൽ 199 എന്ന മികച്ച സ്ട്രൈക്ക്റേറ്റിലാണ് താരത്തിൻ്റെ ഈ സീസണിലെ പ്രകടനം.