രേണുക വേണു|
Last Modified വെള്ളി, 10 ജൂണ്‍ 2022 (10:48 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ 48 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ നടത്തിയത്. കളിയില്‍ ഇന്ത്യ തോറ്റെങ്കിലും ഇഷാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാന ഓപ്പണര്‍മാരായ രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ സഖ്യത്തിനു പകരം ഇഷാന്‍ കിഷന്‍-ഋതുരാജ് ഗെയ്ക്വാദ് സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
രോഹിത്തും രാഹുലും മടങ്ങിയെത്തുമ്പോള്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടില്ലേ എന്ന ചോദ്യത്തിനു ഇഷാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ലോകോത്തര താരങ്ങളാണെന്നും അവര്‍ ടീമിലുണ്ടാകുമ്പോള്‍ തന്റെ പിന്തുണ ആവശ്യം വന്നേക്കില്ലെന്നും ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിനു ശേഷം പറഞ്ഞു.
'പരിശീലന സെഷനില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് എന്റെ ജോലി. അവസരം ലഭിക്കുമ്പോഴെല്ലാം, എനിക്ക് എന്നെത്തന്നെ തെളിയിക്കണം, അല്ലെങ്കില്‍ ടീമിന് വേണ്ടി നന്നായി പ്രവര്‍ത്തിക്കണം,' ഇഷാന്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച പരിചയസമ്പന്നരായ രോഹിത്, രാഹുല്‍ എന്നിവരെ ഒഴിവാക്കി തന്നെ ടീമിലെടുക്കാന്‍ താന്‍ ഒരിക്കലും ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടില്ലെന്നും താരം പറഞ്ഞു. 'അവര്‍ ഒട്ടേറെ സംഭവനകള്‍ നല്‍കിയ താരങ്ങളാണ്. രാജ്യത്തിനായി ഇത്രയധികം റണ്‍സ് നേടി. അവരെ മാറ്റിനിര്‍ത്തി പകരം എന്നെ കളിപ്പിക്കണമെന്ന് പറയാന്‍ സാധിക്കില്ല. എനിക്ക് ചെയ്യാനുള്ളത് ഞാന്‍ നിര്‍വഹിക്കും. അവസരം ലഭിക്കുമ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം നടത്തും. മറ്റ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരും പരിശീലകനുമാണ്.'- ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.