എന്റെ അവസ്ഥ രാഹുലിന് വരരുത്, ഇഷാനെ പിന്തുണയ്ക്കുന്നവര്‍ 2 വര്‍ഷമായി രാഹുല്‍ ചെയ്തത് മറന്നോ: ഇര്‍ഫാന്‍ പത്താന്‍

അഭിറാം മനോഹർ| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (17:56 IST)
ഏഷ്യകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ തെരെഞ്ഞെടുക്കുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. പരിക്ക് മൂലം പുറത്തായിരുന്ന രാഹുല്‍ എഷ്യാകപ്പ് ടീമില്‍ മടങ്ങിയെത്തിയിരുന്നെങ്കിലും ഇതുവരെയും ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. മധ്യനിരയില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്തിയ പശ്ചാത്തലത്തില്‍ രാഹുലിന് പകരം ഇഷാന് തന്നെ ടീം അവസരം നല്‍കണമെന്ന് പറയുന്നവര്‍ അനവധിയാണ്. എന്നാല്‍ ലോകകപ്പിന് മുന്‍പ് രാഹുലിന്റെ പ്രകടനമികവ് അറിയണമെങ്കില്‍ താരത്തിന് ഇനിയുള്ള മത്സരങ്ങളില്‍ അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്.

ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനുമായി ടീം മുന്നോട്ട് പോകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുമ്പോള്‍ കെ എല്‍ രാഹുലിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. രണ്ടുപേര്‍ക്കും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടാനാകില്ലെന്നത് ഉറപ്പാണ്. പാകിസ്ഥാനെതിരായ ഇഷാന്‍ കിഷന്റെ പ്രകടനത്തെ പറ്റി പറയുന്നവര്‍ കഴിഞ്ഞ 2 വര്‍ഷമായി രാഹുല്‍ നടത്തിയ പ്രകടനങ്ങളെ കാണാതെ പോകരുത്.

ടോപ് ഓര്‍ഡറില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ മാത്രമെ ഇഷാന്‍ കിഷനും കെ എല്‍ രാഹുലിനും പ്ലേയിംഗ് ഇലവനില്‍ ഒരേസമയം ഇടം നേടാനാകു. അത് നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഇഷാന്‍ കിഷന്‍ പാകിസ്ഥാനെതിരെ അഞ്ചാമനായി റണ്‍സ് നേടി. അത് അവന്റെ സ്ഥാനമല്ല. അടുത്ത മത്സരത്തില്‍ അവന്‍ നേരത്തെ പുറത്തായാല്‍ അവന്‍ ഫോമിലല്ലെന്ന് നമ്മള്‍ പറയുമോ? ഇഷാന്‍ ഒരു ഇന്നിങ്ങ്‌സ് മാത്രമാണ് കളിച്ചിട്ടുള്ളത്. കഴിഞ്ഞ 2 വര്‍ഷമായി മധ്യനിരയില്‍ കെ എല്‍ രാഹുല്‍ നടത്തിയ പ്രകടനങ്ങള്‍ നമ്മള്‍ മറക്കരുത്. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

കെ എല്‍ രാഹുല്‍ വരട്ടെ, കളിക്കട്ടെ. അവന്‍ ഫോമിലല്ല എന്നുണ്ടെങ്കില്‍ ലോകകപ്പില്‍ മുഴുവന്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചക്കിടെ ഇര്‍ഫാന്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പത്താന്‍ പരിക്കിന് മുന്‍പ് കളിച്ച അവസാന മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് പുറത്ത് വന്നിട്ട് പിന്നീടൊരിക്കലും താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് തന്റെ 29മത്തെ വയസ്സിലാണ് താരം ഇന്ത്യയ്ക്കായി തന്റെ അവസാന മത്സരം കളിച്ചത്. ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നാണ് ഇര്‍ഫാന്‍ തന്റെ പ്രതികരാണത്തിലൂടെ വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :