കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (12:24 IST)
ശ്രീലങ്കയില്‍ വച്ച് നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്നിരിക്കുകയാണ്. ഇടയ്ക്കിടെ എത്തിയ മഴ രസം കളഞ്ഞപ്പോള്‍ കാണികളുടെ ശ്രദ്ധ പതിയെ കളിക്കളത്തിന് പുറത്തേക്ക് പോയി. മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഒറ്റയ്ക്കിരിക്കുന്ന സഞ്ജു സാംസണിനെ അവര്‍ ശ്രദ്ധിച്ചത്. എല്ലാവരില്‍ നിന്നും മാറി ഒറ്റയ്ക്ക് ഗാലറിയിലിരുന്ന് കളി കാണുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ടീമിലെ മറ്റ് അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഒക്കെ ഡഗ്ഔട്ടില്‍ ഇരുന്ന് കളി കാണുന്ന സമയം കൂടി ആയിരുന്നു അത്.
സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഒരു ആരാധകന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഏഷ്യ കപ്പിനുള്ള 17 അംഗ ടീമില്‍ സഞ്ജു ഇടം നേടിയില്ല. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരമായിരുന്നിട്ടു പോലും സൂര്യകുമാര്‍ യാദവിനെയും പരിചയസമ്പത്ത് ഇല്ലാത്ത തിലക് വര്‍മയെയും സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. 'ട്രാവലിങ് സ്റ്റാന്‍ഡ്ബൈ പ്ലേയര്‍' എന്ന പേരിലാണ് ടീമിനൊപ്പം സഞ്ജു എത്തിയിരിക്കുന്നത്.