അഭിറാം മനോഹർ|
Last Modified വെള്ളി, 14 ഫെബ്രുവരി 2020 (12:01 IST)
ഋഷഭ് പന്തിന് ഇന്ത്യൻ ടീമിലെ പ്ലേയിംഗ് ഇലവനിൽ അവസരം നൽകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമയായ പാർത്ഥ ജിൻഡാൽ. കളിപ്പിക്കുന്നില്ലെങ്കിൽ ഇന്ത്യൻ ടീം എന്തിനാണ് പന്തിനെ ടീമിൽ കൊണ്ട് നടക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
പന്തിനോളം പ്രതിഭയുള്ള ഒരു കളിക്കാരനെ പരമ്പര നേടിയ ശേഷമുള്ള ടി20യിലൊ അല്ലെങ്കിൽ പരമ്പര നഷ്ടപ്പെട്ട ശേഷം ഏകദിനത്തിലൊ കളിപ്പിക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇനി ഇന്ത്യൻ ടീമിൽ കളിപ്പിക്കുന്നില്ലെങ്കിൽ ആഭ്യന്തര മത്സരമോ മറ്റൊ കളിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
ഇതാദ്യമായല്ല പന്തിനെ കളിപ്പിക്കാത്തതിനെതിരെ പ്രതികരണങ്ങൾ വരുന്നത്. മുൻപ് വീരേന്ദർ സേവാഗ് പന്തിനെ കളിപ്പിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്ത് വന്നത് കൂടി കൂട്ടിവായിക്കുമ്പോൾ പന്തിനായുള്ള നീക്കങ്ങൾ ശക്തമാക്കാനുള്ള ഡൽഹി ലോബിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഐപിഎൽ ടീമുടമയുടെ പ്രതികരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ഇതാദ്യമായാണ് ഒരു ഐപിഎൽ ടീം ഉടമ രംഗത്ത് വരുന്നത്. ഓസീസിനെതിരെയുള്ള ഏകദിനപരമ്പരയിൽ പരിക്കേറ്റ പന്തിന് പകരം വിക്കറ്റ് കീപ്പറായി പരീക്ഷിക്കപ്പെട്ട കെ എൽ രാഹുൽ വിജയമായതോട് കൂടിയാണ് പന്തിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറഞ്ഞത്.