അഭിറാം മനോഹർ|
Last Updated:
വ്യാഴം, 6 ഫെബ്രുവരി 2020 (10:59 IST)
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയതിന് ശേഷം ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരം ഇന്ത്യ തോറ്റതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ആരാധകർ. ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യ കിവികൾക്ക് മുൻപിൽ പരാജയപ്പെട്ടപ്പോൾ ടീം ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ വിജയിക്കുവാൻ ചില മാർഗ്ഗങ്ങൾ ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്. ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാണ് താരം ആവശ്യപ്പെടുന്നത്.
ഏത് പേസ് ബൗളിങ് നിരക്കെതിരായും മികച്ചപ്രകടനം കാഴ്ച്ചവെക്കുന്ന ടീമാണ് ന്യൂസിലൻഡെന്നും എന്നാൽ സ്പിന്നർമാർക്കെതിരെ അത്ര നന്നായി കളിക്കാൻ അവർക്കാവില്ലെന്നും അതിനാൽ തന്നെ ടീമിൽ ഒരു സ്പിന്നറെ കൂടി ഉൾപ്പെടുത്തണമെന്നും ഹർഭജൻ പറഞ്ഞു. കേദാർ ജാദവിന് പകരം യൂസ്വേന്ദ്ര ചാഹലിന് അവസരം നൽകണമെന്നാണ് ഹർഭജൻ ആവശ്യപ്പെടുന്നത്. കുൽദീപും ചാഹലും ഒന്നിച്ച് കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ഇത്തരമൊരു നീക്കം കൊണ്ട് സാധിക്കുമെന്നും ഹർഭജൻ പറഞ്ഞു.