കിവികളുടെ പ്രതികാരത്തിൽ നാണംകെട്ട് ടീം ഇന്ത്യ, 31 വർഷത്തിന് ശേഷം ആദ്യ വൈറ്റ് വാഷ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (15:33 IST)
പരമ്പരയിൽ ഇന്ത്യക്കെതിരെ നഷ്ടമായതിനെല്ലം ഏകദിനത്തിൽ തീർത്ത് ന്യൂസിലൻഡ് പട. മൂന്ന് ഏകദിനമത്സരങ്ങളടങ്ങിയ പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇന്ത്യയുടെ 296 റൺസ് 17 പന്തുകൾ ബാക്കിനിൽക്കെയാണ് കിവികൾ മത്സരത്തിൽ മറികടന്നത്.

കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ 296 റൺസെടുത്ത ഇന്ത്യയെ പിന്തുടർന്ന ന്യൂസിലൻഡിന് വേണ്ടി ഗംഭീരതുടക്കമാണ് മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ഹെന്‍‌റി നിക്കോള്‍സും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ 106 റൺസാണ് ഇരുവരും ചേർന്ന് പൂർത്തിയാക്കിയത്.46 പന്തില്‍ 66 റണ്‍സെടുത്ത ഗുപ്റ്റിലിനെ ചാഹല്‍ ബൗള്‍ഡാക്കുകയായിരുന്നു. നിക്കോൾസ് 103 പന്തില്‍ 80 റണ്‍സ് നിക്കോള്‍‌സ് സ്വന്തമാക്കി.

എന്നാൽ ന്യൂസിലൻഡ് നിരയിൽ പരിക്ക് മാറിയെത്തിയ നായകൻ കെയ്‌ൻ വില്ല്യംസണിനും കഴിഞ്ഞ മത്സരങ്ങളിലെ കിവികളുടെ ഹീറൊയായിരുന്ന റോസ് ടെയ്‌ലർക്കും തിളങ്ങാനായില്ല. 22 റൺസ് എടുത്ത് മടങ്ങൽപ്പോൾ 12 റൺസെടുക്കാനെ ടെയ്‌ലർക്ക് സാധിച്ചുള്ളു. ജിമ്മി നീഷാമിനും മത്സരത്തിൽ അധിക സമയം പിടിച്ചു നിൽക്കാൻ സാധിച്ചില്ലെങ്കിലും തുടർന്നെത്തിയ കോളിന്‍ ഗ്രാന്‍‌ഹോം വിജയം എത്രയും വേഗം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായാണ് കളിക്കളത്തിലിറങ്ങിയത്.

മത്സരത്തിൽ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ന്യൂസിലൻഡ് താരം ടോം ലാഥത്തിനെ കൂട്ടുപിടിച്ച് അക്ഷരാർഥത്തിൽ വെടിക്കെട്ട് പ്രകടനമാണ് ഗ്രാൻഹോം നടത്തിയത്. വെറും 21 പന്തിൽ നിന്നും അർധ സെഞ്ച്വറി കണ്ടെത്തിയ താരം ന്യൂസിലൻഡ് വിജയം ഏളുപ്പമാക്കി. 6 ഫോറുകളും 3 സിക്സറുകളുമടങ്ങുന്നതായിരുന്നു ഗ്രാൻഹോമിന്റെ ഇന്നിങ്സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറിൽ 296 റൺസാണ് നേടിയത്.ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. 31 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പരാജയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :