IPL 2023 Final: മഴ മൂലം ഇന്നും കളി നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

ഇന്നും കളി നടന്നില്ലെങ്കില്‍ മറ്റൊരു റിസര്‍വ് ഡേ ഉണ്ടാകില്ല

രേണുക വേണു| Last Modified തിങ്കള്‍, 29 മെയ് 2023 (08:45 IST)

IPL 2023 Final: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റിവെച്ച ഐപിഎല്‍ ഫൈനല്‍ ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനലാണ് ഇന്നത്തേക്ക് മാറ്റിയത്. മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ തൊട്ടടുത്ത ദിവസം റിസര്‍വ് ഡേയായി തീരുമാനിച്ചിരുന്നു. അത് പ്രകാരമാണ് ഇന്ന് മത്സരം നടക്കുക. രാത്രി 7.30 മുതലാണ് മത്സരം.

അതേസമയം മഴ മൂലം ഇന്നും കളി നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും? ഇന്നും കളി നടന്നില്ലെങ്കില്‍ മറ്റൊരു റിസര്‍വ് ഡേ ഉണ്ടാകില്ല. ഏറ്റവും ചുരുങ്ങിയത് അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനാണ് അവസാനവട്ട ശ്രമം. അഞ്ച് ഓവര്‍ കളിയും നടന്നില്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ നടത്തി വിജയികളെ തീരുമാനിക്കാം. പക്ഷേ മഴ മൂലം സൂപ്പര്‍ ഓവര്‍ നടന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കും. അങ്ങനെ വന്നാല്‍ അത് ഗുജറാത്ത് ടൈറ്റന്‍സിനാണ് ഗുണം ചെയ്യുക. പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനമായതിനാല്‍ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കും. തുടര്‍ച്ചയായി രണ്ടാം തവണ കിരീടം ചൂടുക എന്ന നേട്ടം ഗുജറാത്ത് കൈവരിക്കുകയും ചെയ്യും.

ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. ഇന്ന് മഴ ഒഴിഞ്ഞുനില്‍ക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :